മന്ത്രിസഭാവാർഷികം: കോട്ടയം ജില്ലയിൽ ആഘോഷപരിപാടികളും പ്രദർശന-വിപണനമേളയും ഏപ്രിൽ 16 മുതൽ.


കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളും ജില്ലാതല പ്രദര്‍ശന-വിപണന മേളയും സംഘടിപ്പിക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനുള്ള  സംഘാടകസമിതി രൂപീകരണത്തിനായി കോട്ടയത്തു ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ 16ന് നാഗമ്പടം പോപ്പ് മൈതാനത്ത് ആഘോഷപരിപാടികൾക്കു തുടക്കം കുറിക്കും. ജില്ലാതല പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു  നടക്കും. ഏപ്രിൽ 22 വരെ നടക്കുന്ന മേളയിൽ 100 വിപണന സ്റ്റാളുകളും സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, പദ്ധതികള്‍ എന്നിവ പൊതുജനങ്ങളിലെത്തിക്കുന്നതിന് 50 തീം സ്റ്റാളുകളും ഫുഡ് കോർട്ടും  ക്രമീകരിക്കും. കൂടാതെ കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനുള്ള സംഘാടകസമിതിയുടെ രൂപീകരണവും ചടങ്ങിൽ നടന്നു.

സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ മുഖ്യരക്ഷാധികാരിയും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എം.പി മാരായ തോമസ് ചാഴികാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി,ആന്റോ ആന്റണി, എം.എൽ.എ മാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. ജോബ് മൈക്കിള്‍,സി.കെ. ആശ, മാണി സി. കാപ്പന്‍,  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവർ രക്ഷാധികാരികളുമാണ്. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ചെയര്‍മാനും ഐ ആൻ്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ വൈസ് ചെയര്‍മാനുമാണ്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാറാണ് കണ്‍വീനർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജില്ലാതല മേധാവികൾ വിവിധ ബോര്‍ഡുകൾ, രാഷ്ട്രീയ കക്ഷികൾ, ജീവനക്കാരുടെ സംഘടനകൾ യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാഹിത്യ പ്രവർത്തക സഹകരണസംഘം എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവർ അംഗങ്ങളാണ്. കെ.പി. എസ്. മേനോൻ ഹാളിൽ ചേർന്ന യോഗത്തിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എൽ.എ.മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ഐ ആൻ്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ സംസാരിച്ചു.