കോട്ടയം: ലോകത്ത് 2022 ല്‍ സന്ദര്‍ശിക്കേണ്ട 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമവും. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് ചരിത്രനേട്ടം നേടിക്കൊടുത്തത് നമ്മുടെ കോട്ടയത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അയ്മനം.
കേരളത്തിന് ചരിത്രനേട്ടം നേടിക്കൊടുത്തത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ അയ്മനം ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിലൂടെയാണ്. ശ്രീലങ്ക,ഭൂട്ടാന്‍, ഖത്തര്‍,ലണ്ടന്‍,സിയൂള്‍,ഇസ്താംബൂള്‍, ഉസ്‌ബെക്കിസ്ഥാന്‍,സെര്‍ബിയ,ഒക് ലഹാമ - യു എസ് എ എന്നിവക്കൊപ്പമാണ് നമ്മുടെ കൊച്ചു കേരളത്തിലെ കോട്ടയത്തെ അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയില്‍ ഇടം നേടിയത്. ലോകത്തെ ഏറ്റവും മികച്ച ട്രാവല്‍ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലര്‍ ആണ് പട്ടിക തയ്യാറാക്കിയത്. ഇന്‍ഡ്യയില്‍ നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊല്‍ക്കത്ത, ഒഡീഷ, രാജസ്ഥാന്‍, സിന്ധുദുര്‍ഗ്, ഭീം റ്റാള്‍ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
മാത്യക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി കോട്ടയം ജില്ലയിലെ അയ്മനത്തെ 2020 ൽ പ്രഖ്യപിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ്. പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോള്‍ നടന്ന് വരുന്നത്. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണ്ണമായി ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളായി സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവര്‍ത്തികമാക്കിയത്. സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കിയ 13 പഞ്ചായത്തുകളില്‍ നിശ്ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്താണ് അയ്മനം. വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടന്റെ വണ്‍ ടുവാച്ച് അവാര്‍ഡ് അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിന് ലഭിച്ചിരുന്നു. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ ജനകീയവത്കരിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ നിലപാടുകളിലൂടെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ചെയര്‍മാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ കണ്‍വീനറുമായ സമിതിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രാജ്യാന്തരന തലത്തിൽ തിളങ്ങി അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരമാണ് ലഭിച്ചത്. 2018ലാണ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി തയാറാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി പഞ്ചായത്ത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്. പ്രദേശവാസികൾക്ക് വിവിധ തൊഴിൽ പരിശീലനം നൽകി. തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു. പഞ്ചായത്തിൽ ഹോംസ്റ്റേകൾക്ക് തുടക്കം കുറിച്ചു. വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജ്, പക്ഷിനിരീക്ഷണ പാക്കേജ്, ഗ്രാമയാത്ര-കൾച്ചറൽ എക്‌സ്പീരിയൻസ് പാക്കേജുകൾ, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിങ്ങനെ വിവിധ ടൂർ പാക്കേജുകൾ നടപ്പാക്കി. വനിത ടൂർ കമ്മ്യൂണിറ്റി ടൂർ ലീഡർമാരുടെ നേതൃത്വത്തിലാണ് പാക്കേജുകൾ നടത്തുന്നത്. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉൾപ്പെടുത്തി തയാറാക്കി.