കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ സുബീഷുമായും ദാതാവായ ഭാര്യ പ്രവിജയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ ഫോണിൽ സംസാരിച്ചു.

 

കരള്‍മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു എല്ലാ സംവിധാനങ്ങളും വിലയിരുത്തുന്നതിന് ഞായറാഴ്ചയും ഇന്നലെയും രണ്ടു മന്ത്രി മാറും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. മെഡിക്കല്‍ കോളേജിലൂടെ  ജനങ്ങള്‍ക്ക്  മികച്ച ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ഇടതു മുന്നണി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളിലെ തിളക്കമാര്‍ന്ന ഏടാണിത് എന്നും വരും കാലങ്ങളില്‍ കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസമായി ഇത് മാറുമെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ ദമ്പതികളിൽ ഇരുവരുടെയും പുരോഗതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധുവിനോടും ടീമംഗങ്ങളോടും ആരോഗ്യ മന്ത്രി സംസാരിച്ചു.അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബീഷിന് അല്‍പനാള്‍ കൂടി തീവ്ര പരിചരണം ആവശ്യമാണ് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 18 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നാണ് ഭാര്യ പ്രവിജ (39) കരൾ നൽകിയത്. തിങ്കളാഴ്ച്ച രാവിലെ 6 മണിക്കു ആരംഭിച്ച കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. മെഡിക്കൽ കോളേജിൽ ആദ്യമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധു രാധയുടെ നേതൃത്വത്തിലാണ് നടന്നത്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ ഇന്നലെ നടന്നത്. ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിത് എന്ന് മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.