കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ നടന്ന പോളിയോ നിർമ്മാർജ്ജന പരിപാടിയിൽ 99497 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. 1,08,582 കുട്ടികൾക്കാണ് മരുന്ന് നൽകാൻ ഉദ്ദേശിച്ചിരുന്നത്. 91.63 ശതമാനം കുട്ടികൾക്ക് ബൂത്തുകളിൽ വച്ച് തുള്ളി മരുന്ന് നൽകി.
മുഴുവൻ കുട്ടികൾക്കും മരുന്ന് നൽകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് കൂടി മരുന്ന് നൽകി യജ്ഞം പൂർത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും രണ്ടു ദിവസം കൂടി പ്രവർത്തിക്കും. ഇന്നലെ 10 മൊബൈൽ ബൂത്തുകൾ, 46 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 1296 ബൂത്തുകൾ ക്രമീകരിച്ചിരുന്നു. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻറ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും ഉത്സവസ്ഥലങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയുൾപ്പടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകുന്ന മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു.
ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യകേരളംവനിതാ ശിശു വികസന വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ക്ലബ്, വ്യാപാര വ്യവസായികൾ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.