ഫുഡ് ബസ്സ് മാത്രമല്ല കോട്ടയത്തിനു ഇനി രുചി വൈവിധ്യങ്ങളുടെ ഫുഡ് സ്‌കൂട്ടറും! ചേതക് സ്‌കൂട്ടറിലിരുന്നു ഭക്ഷണം കഴിക്കാം കുറിച്ചി മന്ദിരം കവലയിലെ ചട്ടീം ത


കോട്ടയം: രുചി വൈവിധ്യങ്ങളുടെ വൈക്കത്ത് ആരംഭിച്ച ഫുഡ് ബസ്സ് എല്ലാവര്ക്കും പ്രിയങ്കരമാകുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയം എം സി റോഡിൽ കുറിച്ചി മന്ദിരം കവലയിലെ ചട്ടീം തവീം റെസ്റ്റോറന്റ്.

 

 അതെ, ഫുഡ് ബസ്സ് മാത്രമല്ല കോട്ടയത്തിനു ഇനി രുചി വൈവിധ്യങ്ങളുടെ ഫുഡ് സ്‌കൂട്ടറും ഉണ്ട്. ചേതക് സ്‌കൂട്ടറിലിരുന്നു ഭക്ഷണം കഴിക്കാം കുറിച്ചി മന്ദിരം കവലയിലെ ചട്ടീം തവീം റെസ്റ്റോറന്റിൽ നിന്നും. റെസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത് ഈ സ്‌കൂട്ടറുകളാണ്. പഴയ 91 മോഡൽ ചേതക് സ്‌കൂട്ടറിലാണ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്.

ഇരിപ്പടങ്ങളായി ഒരുക്കിയിരിക്കുന്നത് ടയർ വെട്ടിയുണ്ടാക്കിയ സീറ്റുകളും. ഒന്നും രണ്ടുമല്ല 4 സ്‌കൂട്ടറുകളാണ് ഇത്തരത്തിൽ റെസ്റ്റോറന്റിൽ ടേബിൾ ആയി രൂപമാറ്റം വരുത്തിയിരിക്കുന്നത്. കോട്ടയം നാട്ടകം സ്വദേശിയും നാട്ടകം സിമന്റ്‌സിലെ ജീവനക്കാരനായിരുന്ന രവീന്ദ്രൻ നായരുടെ മക്കളായ വിമലും വിനീതുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ചട്ടീം തവീം റെസ്റ്റോറന്റിന്റെ സാരഥികൾ. 



കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ ജോലി അവസാനിപ്പിച്ചു നാട്ടിലെത്തിയ ഇരുവരും ചേർന്നാണ് റെസ്റ്റോറന്റ് എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. പിതാവിന്റെ പഴയ ചേതക് സ്‌കൂട്ടറും ഒപ്പം മറ്റു 3 സ്‌കൂട്ടറുകളും വാങ്ങിയാണ് വ്യത്യസ്തമായ ഈ ആശയം നടപ്പിലാക്കിയിരിക്കുന്നത്.

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ കറുകച്ചാൽ നെടുംകുന്നം സ്വദേശി രാഹുൽ രാമചന്ദ്രനാണ് ആശയങ്ങൾ വിസ്മയിപ്പിക്കത്തക്കവിധം പ്രാവർത്തികമാക്കിയത്. റെസ്റ്റോറന്റിലെ ആർട്ട് വർക്കുകളും സ്‌കൂട്ടർ മേശയും സ്‌കൂട്ടർ മേശക്ക് ആവശ്യമായ ടയർ സീറ്റുകളും പാലക്കമ്പിൽ ലാംപ് ഷെയ്ഡുകളും നിർമ്മിച്ചതും രാഹുൽ രാമചന്ദ്രനാണ്.

വിമലും വിനീതും വിദേശത്ത് ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്നതിനാൽ നാട്ടിലെത്തിയപ്പോൾ എന്ത് സംരംഭം തുടങ്ങണം എന്നതിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലായിരുന്നു. പിതാവിന്റെ ആദ്യ വാഹനവും മാതാപിതാക്കൾക്കൊപ്പമുള്ള ചെറുപ്പുകാലത്തെ സ്‌കൂട്ടർ യാത്രകളും സ്‌കൂട്ടർ ഓടിക്കാൻ ആദ്യമായി പഠിച്ചതുമടക്കം ചേതക് സ്‌കൂട്ടറിനോടുള്ള ഇവരുടെ മാനസിക അടുപ്പം വളരെ വലുതാണ്. നിരവധിപ്പേരാണ് ഈ വ്യത്യസ്തത ആസ്വദിക്കാനും ഭക്ഷണം കഴിക്കാനായി കുറിച്ചി മന്ദിരം കവലയിലെ ചട്ടീം തവീം റെസ്റ്റോറന്റിൽ എത്തുന്നത്.