കോട്ടയം: ചക്രക്കസേരയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ചു യുവാവ് തട്ടിയെടുത്തത് 2000 രൂപ.
അതിജീവന പോരാട്ടത്തിന്റെ നേർകഥ കാട്ടിത്തന്നു ചക്രക്കസേരയിൽ കോട്ടയം ലോഗോസ് ജംഗ്‌ഷനിലും ഗുഡ്ഷെപ്പേർഡ് റോഡിനു സമീപവും ലോട്ടറി വിൽപ്പന നടത്തിയിരുന്ന കോടിമത സ്വദേശിയായ എം എം അജിയെയാണ് ദുഷ്ട മനസ്സിനുടമയായ യുവാവ് കബളിപ്പിച്ചത്.
ബുധനാഴ്ച്ച ഉച്ചക്ക് 3 മണിയോടെ ലോഗോസ് സെന്ററിലാണ് സംഭവം ഉണ്ടായത്. ലോട്ടറി വാങ്ങാൻ എന്ന വ്യാജേന എത്തിയ യുവാവാണ് അജിയെ കബളിപ്പിച്ചത്. 2 ലോട്ടറി എടുത്ത ശേഷം ഇയാൾ 2000 രൂപയുടെ ചില്ലറ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അജി ഇയാൾക്ക് 2000 രൂപയുടെ ചില്ലറ നൽകി.
പണം ബൈക്കിലെ ബാഗിലാണെന്നും എടുത്തു നൽകാമെന്നും പറഞ്ഞ ശേഷം യുവാവ് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ഭിന്നശേഷിക്കാരനായ അജി ചക്രക്കസേരയിലിരുന്നു വളരെയധികം നാളുകളായി ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നത്. അജിയുടെ ദുഖകരമായ ഈ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ സാരഥി നിഷ സ്നേഹക്കൂട് അജിക്ക് നഷ്ടപ്പെട്ട തുക നൽകി.
ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലായതിനാൽ സ്നേഹക്കൂട് കുടുംബത്തിന് വേണ്ടി ജനറൽ മാനേജർ മിലൻ കെ എസ് ആണ് ലോഗോസ് ജംഗ്ഷനിലെത്തി അജിക്ക് തുക കൈമാറിയത്. സംഭവത്തിൽ അജി കോട്ടയം ഈസ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.