മിസ് കേരള സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ലിവ്യ ലിഫി.


കാഞ്ഞിരപ്പള്ളി: കൊച്ചിയിൽ നടന്ന ഇരുപത്തിരണ്ടാമത് ഇമ്പ്രസാരിയോ മിസ് കേരള 2021 എഡിഷൻ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ലിവ്യ ലിഫി.

 

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിനിയാണ് ലിവ്യ. എറണാകുളം ആളൂർ സ്വദേശികളും ബഹ്‌റെയ്ൻ പ്രവാസികളുമായ ലിഫി പൗലോസിന്റെയും സിനി ആന്റണിയുടെയും മകളാണ് ലിവ്യ. കണ്ണൂർ സ്വദേശിനി ഗോപിക സുരേഷിനാണ് മിസ് കേരള സൗന്ദര്യ കിരീടം.

തൃശൂർ സ്വദേശിനി ഗഗന ഗോപാലാണ് സെക്കൻഡ് റണ്ണറപ്പ്. 25 മത്സരാര്ഥികളാണ് പങ്കെടുത്തത്. ഈ നേട്ടത്തിൽ അഭിമാനിക്കുന്നതായും കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ലിവ്യ പറഞ്ഞു. മലയാള സിനിമ സംവിധായകൻ ജിത്തു ജോസഫ്, നടിമാരായ ഇനിയ,വീണാ നായർ, ദീപ തോമസ്, സംഗീത സംവിധായകൻ ദീപക് ദേവ്, ഗായകൻ അനൂപ് ശങ്കർ തുടങ്ങിയവരായിരുന്നു മത്സരത്തിലെ വിധികർത്താക്കൾ.

2019 ൽ ബഹ്‌റെയിനിൽ ഇന്ത്യൻ ക്ലബ്ബിൽ നടന്ന മെയ് ക്വീൻ സൗന്ദര്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പുമായിരുന്നു ലിവ്യ ലിഫി. ബഹ്‌റെയിനിൽ ഇന്ത്യൻ സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിനി ലിയോണ ലിഫിയാണ് സഹോദരി.