ചങ്ങനാശ്ശേരി: കേന്ദ്രസര്‍ക്കാര്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുന്തോട്ടം.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ കേരള മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 92 വില്ലേജുകളുടെ കാര്യങ്ങള്‍ ആശങ്കാജനകമാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിന് ഉദാഹരണമാണ്. 20 ശതമാനത്തിൽ അധികം വനമേഖലയും ചതുരശ്ര കിലോമീറ്ററിന് നൂറില്‍ താഴെ ജനസാന്ദ്രതയുമുള്ള വില്ലേജുകള്‍ മാത്രമേ നിര്‍ദ്ദിഷ്ട ഇ.എസ്.എ യില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന മാനദണ്ഡം നിലനില്‍ക്കെ വളരെക്കുറച്ചു ഭൂപ്രദേശങ്ങള്‍ മാത്രം ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വളരെയധികം ജനസാന്ദ്രതയുള്ളതുമായ ഈ വില്ലേജുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഈ പ്രദേശങ്ങളില്‍ വന്‍കിടപദ്ധതികളോ വനംകയ്യേറ്റമോ വനനശീകരണമോ നടക്കുന്നുമില്ല. ഇതേ സാഹചര്യം തന്നെയാണ് മറ്റനേകം വില്ലേജുകളിലും നിലനില്‍ക്കുന്നത്. മാത്രമല്ല എല്ലാ വില്ലേജുകളും ജനവാസകേന്ദ്രങ്ങളാണ്. അതിനാല്‍ റവന്യൂ വില്ലേജുകള്‍ അടിസ്ഥാന യൂണിറ്റുകളായി സ്വീകരിക്കുന്ന നിലവിലുള്ള ഇ.എസ്.എ നിര്‍ണ്ണയരീതി പൂര്‍ണ്ണമായും ഒഴിവാക്കി, 2015 ലും 2018 ലും സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളള ശിപാര്‍ശകള്‍ക്കനുസൃതമായി റിസര്‍വ്വഡ് ഫോറസ്റ്റുകളും ലോകപൈതൃക പ്രദേശങ്ങളും സംരക്ഷിതഭൂപ്രദേശങ്ങളും മാത്രം ഉള്‍പ്പെടുത്തി ജിയോ കോര്‍ഡിനേറ്റുകള്‍ വ്യക്തമായി സ്ഥാപിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കവൂ എന്നഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇ.എസ്.എ, വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തുകയും വനഭൂമി ഒട്ടുമില്ലാത്ത മുഴുവന്‍ വില്ലേജുകളെയും പൂര്‍ണ്ണമായും ഇ.എസ്.എ പരിധിയില്‍നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ജനവാസമേഖലകളില്‍ നോണ്‍കോര്‍ ഇ .എസ്.എ എന്ന ആശയം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇരുപത്തിരണ്ടുലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ജീവത്പ്രശനമാണിത്. കര്‍ഷകര്‍ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കുന്നവരല്ല. അവര്‍ മൃഗപരിപാലനവും സസ്യപരിപാലനവും വഴി പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്. നാടിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കു നമ്മള്‍ കര്‍ഷകരോടു കടപ്പെട്ടിരിക്കുന്നു. ഭക്ഷ്യക്ഷാമത്തിന്‍റെ നാളുകളില്‍ സര്‍ക്കാരുകള്‍തന്നെ കര്‍ഷകരെ ആശ്രയിക്കുകയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ അവഗണിച്ചുകൊണ്ടും കടപ്പാടുകള്‍ മറന്നുകൊണ്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നതായും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.