പുല്ലുപാറയിലെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട ഉത്തരേന്ത്യൻ കുടുംബത്തിന് കരുതലിന്റെ കരങ്ങളൊരുക്കിയ എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്ക് കാഞ്ഞിരപ്പ


കാഞ്ഞിരപ്പള്ളി: പുല്ലുപാറയിലെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട ഉത്തരേന്ത്യൻ കുടുംബത്തിന് കരുതലിന്റെ കരങ്ങളൊരുക്കിയ എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ ആദരം.

 

 കെഎസ്ആർടിസി ജീവനക്കാരായ കണ്ടക്ടര്‍ ഡോ. ജെയ്സണ്‍ ജോസഫിനെയും ഡ്രൈവര്‍ കെ. റ്റി തോമസിനെയും ആണ് കാഞ്ഞിരപ്പള്ളി രൂപത ആദരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും പ്രളയവും നാടിനെ നടുക്കിയ വാർത്തയായിരുന്നു. അപ്രതീക്ഷിതമായെത്തിയ ഉരുള്പൊട്ടലിലും മലവെള്ളപാച്ചിലിലും തുടർന്നുണ്ടായ പ്രളയത്തിലും നാട് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. മഴ കനത്തതോടെ കിഴക്കൻ മേഖലയായ പുല്ലുപാറയിൽ ഉരുൾപൊട്ടുകയും ശക്തമായ മലവെള്ളപാച്ചിലുണ്ടാകുകയും ചെയ്തിരുന്നു. എരുമേലിയിൽ നിന്നും പതിവുപോലെ കണയങ്കവയൽ ട്രിപ്പ് പോകുന്നതിനിടെയാണ് കാലാവസ്ഥ മോശമാകുകയും മഴ കണക്കുകയും തുടർന്നു ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്തത്. അപ്രതീക്ഷിതമായി ഉരുൾപൊട്ടിയതോടെ കല്ലും മണ്ണും ശക്തമായി വെള്ളവും ഒഴുകിയെത്തുന്നത് കണ്ടു പേടിച്ചു കാറിനു പുറത്തേക്കിറങ്ങി ഓടുകയായിരുന്നു ഗുജറാത്തിൽ നിന്നുമെത്തിയ മൂന്നംഗ വിനോദ സഞ്ചാരികളായ കുടുംബം. കാറിൽ നിന്നും പുറത്തിറങ്ങിയ പിതാവും മകനുമാണ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ വെള്ളമൊഴുക്കിൽ റോഡിലൂടെ ഒഴുകിയെത്തിയ ഇവരെ കണ്ടക്ടർ ജെയ്സൺ കാണുകയും ഒട്ടും സമയം പാഴാക്കാതെ തന്റെ ജീവൻ പോലും നോക്കാതെ വെള്ളത്തിലിറങ്ങി പിടിച്ചു കയറ്റുകയായിരുന്നു. ജെയ്‌സന്റെ കരങ്ങൾ ഇവരെ പിടിച്ചു കയറ്റിയത് പുതുജീവിതത്തിലേക്കാണ്. മൂന്നു പേരെയും സുരക്ഷിതമായി കെഎസ്ആർടിസി ബസ്സിലേക്ക് മാറ്റി. ഇതിനിടെ ഉരുൾപൊട്ടി കല്ലും മണ്ണും വീണു റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബസ്സിലും മറ്റു വാഹനങ്ങളിലുമുണ്ടായിരുന്നവരെ സുരക്ഷിതരാക്കിയത് ഡ്രൈവർ തോമസും സ്വകാര്യ ബസ്സ് ജീവനക്കാരായ സുരാജ്,പ്രവീൺ, ടാക്സി ജീവനക്കാരായ നിതിൻ,റിയാസ് എന്നിവരാണ്. ഇവർ ചേർന്ന് യാത്രക്കാരെ സുരക്ഷിതമാക്കുകയും റോഡിലെ തടസ്സം നീക്കി കുടുങ്ങിക്കിടന്ന വാഹനം പുറത്തെത്തിക്കുകയും ചെയ്തു. ഉത്തരേന്ത്യൻ കുടുംബത്തിന് കരുതലിന്റെ കരങ്ങളൊരുക്കിയ എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരെ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആദരിച്ചു. ചടങ്ങില്‍ വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. ജോസഫ് വെള്ളമറ്റം, രൂപത പി. ആര്‍. ഒ. ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.