വൈക്കത്ത് ‘നിറവ്’ പദ്ധതിക്കു തുടക്കം; 300 ഏക്കറിൽ പച്ചക്കറി കൃഷി.

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റ നിറവ് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 300 ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവ സംയോജിപ്പിച്ചാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതി നടപ്പാക്കുന്നത്.

 

 ഉദയനാപുരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ തിരുവോണം പുരുഷ സ്വയംസഹായ സംഘത്തിന്റെ പുരയിടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമ പഞ്ചായത്തംഗം മിനി മനയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പരിധിയിലെ ചെമ്പ്, മറവൻതുരുത്ത് ഉദയനാപുരം, ടി.വി.പുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമുള്ള കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘം, കാർഷിക ക്ലസ്റ്റർ എന്നിങ്ങനെയുള്ള 230 ഗ്രൂപ്പുകളും വ്യക്തികളുമാണ് നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് പുരയിടങ്ങൾ കൃഷി യോഗ്യമാക്കിയത്. കൃഷി വകുപ്പ് വിത്തുകളും തൈകളും വിതരണം ചെയ്തു. വളവും കീടനാശിനികളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, വികസനകാര്യ ചെയർമാൻ കെ.എസ്. ഗോപിനാഥൻ, ക്ഷേമകാര്യ ചെയർപേഴ്സൺ സുഷമ സന്തോഷ്, ആരോഗ്യ-വിദ്യാഭ്യാസ കാര്യ ചെയർപേഴ്സൺ വീണ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ിജു, സുലോചന പ്രഭാകരൻ, റാണി മോൾ, ജസീല നവാസ്, സുജാത മധു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവ്, ശ്യാമ, ലിറ്റി, ജോയിന്റ് ബി.ഡി.ഒ. ടി.വി. പ്രശാന്ത്, എ. ഡി.എ. ശോഭ, കൃഷി ഓഫീസർ നീതു, കുടുംബശ്രീ ചെയർപേഴ്സൺ സജിന, നിറവ് ചാർജ് ഓഫീസർമാർ, തിരുവോണം പുരുഷ സംഘം ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.