കോട്ടയം സ്വദേശിനിയായ പതിനേഴുകാരിക്ക് സങ്കീർണ്ണമായ സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി.


പാലാ: നട്ടെലിന്റെ വളവ് നേരെയാക്കുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി. പൊക്കക്കുറവ്, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയതായിരുന്നു കോട്ടയം സ്വദേശിനിയായ പതിനേഴുകാരി.

പെൺകുട്ടിയെ വിദഗ്ധ പരിശോധനകൾക്ക് വിധേയയാക്കിയപ്പോൾ അരക്കെട്ടിൽ നിന്നും മുകളിലേക്ക് നട്ടെല്ലിന്റെ വലത് ഭാഗത്തേക്ക് 65 ഡിഗ്രിയും ഇടത് ഭാഗത്തേക്ക് 30 ഡിഗ്രിയും വളഞ്ഞ് "S" ആകൃതിയിലാണ് എന്ന് കണ്ടെത്തുവാൻ സാധിച്ചു. നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വഭാവിക വളവിനെയാണ് സ്കോളിയോസിസ് എന്ന് പറയുന്നത്. ശ്വാസതടസം, പൊക്കക്കുറവ്, നട്ടെല്ലിൽ മുഴ പോലെ കാണുക ഒരു തോൾഭാഗമോ ഇടുപ്പെല്ലോ മറ്റേതിനേക്കാളും പൊങ്ങി നിൽക്കുക എന്നിവയെല്ലാം സ്കോളിയോസിസിന്റെ ലക്ഷണങ്ങളാണ്.

നിരവധി സങ്കീർണതകൾ നിറഞ്ഞ ഈ ശസ്ത്രക്രിയയിൽ ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സഹകരണവും ആവശ്യമായിരുന്നു. നട്ടെല്ലിന് സംഭവിച്ചിരിക്കുന്ന വളവ് മൂലം ശ്വാസകോശത്തിനും ഹൃദയത്തിന്റെ പ്രവർത്തനത്തെയും ഏതെങ്കിലും തരത്തിൽ ബാധിച്ചിരുന്നോ എന്നറിയാൻ ആശുപത്രിയിലെ പൾമണോളജി വിഭാഗത്തിലെയും കാർഡിയോളജി വിഭാഗത്തിലെയും ഡോക്ടർമാരുടെ വിദഗ്ധ മേൽനോട്ടം ആവശ്യമായിരുന്നു.



നട്ടെല്ലിന് 40 ഡിഗ്രിയിൽ അധികം വളവുള്ള സാഹചര്യത്തിലാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. നട്ടെല്ലിന്റെ കശേരുക്കൾ സ്ക്രൂകളും ദണ്ഡുകളും ഉപയോഗിച്ച് നേരെയാക്കുന്നതാണ് ഇത്തരം ശസ്ത്രക്രിയകൾ. നട്ടെല്ലിന്റെ ഇരുവശങ്ങളിലും സ്ക്രൂകളുടെ സഹായത്തോടെ ദണ്ഡുകൾ ഘടിപ്പിച്ചു ഇവ നട്ടെല്ലിനോട് കൂടിച്ചേരാനായി ബോൺ ഗ്രാഫ്ട് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ഓർത്തോപീഡിക് വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ഡോ. ഒ. റ്റി ജോർജ് നേതൃത്വം നൽകി. ഡോ. സാം സ്കറിയ, ഡോ.  സുജിത് തമ്പി, ഡോ. പോൾ ബാബു എന്നിവരോടൊപ്പം അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ്മാരായ ഡോ. സേവ്യർ ജോൺ, ഡോ. ശിവാനി ബക്ഷി എന്നിവരുടെ സഹായത്തോടെയാണ് ആറു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം സാധാരണ നിലയിൽ നിവർന്നു നിൽക്കുവാൻ സാധിച്ച കുട്ടിക്ക് നട്ടെല്ല് നിവർന്നതോടു കൂടി ഉയരം കൂടുകയും ചെയ്തു. വളരെ വേഗം തന്നെ തിരികെ സ്കൂളിൽ പോയി കൂട്ടുകാരുടെ ഒപ്പം പഠനം തുടരാൻ സാധിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ കൂട്ടായ ശ്രമഫലം ആണ് ഈ ശസ്ത്രക്രിയ വിജയകരം ആക്കാൻ സാധിച്ചതെന്നു പാലാ മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. കേരളത്തിൽ തന്നെ നട്ടെല്ലും മറ്റ് അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളിലും ഏറ്റവും നല്ല വിജയശതമാനം ഉള്ള ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ് മാർ സ്ലീവാ മെഡിസിറ്റി പാലാ എന്നും അദ്ദേഹം കൂട്ടി ചേർത്തു. നട്ടെലിന്റെ വളവ് നേരെയാക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ നിരവധിയായിരുന്നു. പിത്തരസം മൂക്കിലൂടെ വരുവാനുള്ള സാധ്യതയും  അതോടൊപ്പം  ശ്വാസകോശത്തിന് സംഭവിച്ചിരിക്കുന്ന വലിപ്പക്കുറവ് ശ്വാസകോശത്തിന്റെ അടിഭാഗത്ത് നീർക്കെട്ട് സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അങ്ങനെ നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ശസ്ത്രക്രിയയെന്ന്  ഡോ. ഒ. റ്റി ജോർജ് പറഞ്ഞു.