കേരളാ ആരോഗ്യ സർവ്വകലാശാല എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങനാശ്ശേരി സ്വദേശിനി റോസ് ക്രിസ്റ്റി ജോസി! ഈ വിജയത്തിന് തിളക്കമേറെ!


ചങ്ങനാശ്ശേരി: കേരളാ ആരോഗ്യ സർവ്വകലാശാല അവസാന വർഷ എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ചങ്ങനാശ്ശേരി സ്വദേശിനി. ചങ്ങനാശ്ശേരി സ്വദേശിനിയും പാലക്കാട് പി കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിനിയുമായ റോസ് ക്രിസ്റ്റി ജോസിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.  

 പരേതരായ ചങ്ങനാശ്ശേരി കുത്തുകല്ലുങ്കൽ അഡ്വ. ജോസ്സി കെ. അലക്സിന്റെയും മണിമല കൈതപറമ്പില്‍  ജയിനമ്മ ജോസഫിന്റെയും മകളാണ് റോസ്. ചെറുപ്രായത്തിലെ അമ്മയുടെ വിയോഗവും പിന്നീട് പിതാവിന്റെ വിയോഗവുമുൾപ്പടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ട റോസിന്റെ ഈ വിജയത്തിന് തിളക്കമേറെയാണ്.

എംബിബിഎസ് പരീക്ഷയിൽ 2450 ൽ 2039 മാർക്ക് നേടിയാണ് റോസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. പാലക്കാട് പി കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 20165 ബാച്ച് എംബിബിഎസ് വിദ്യാർത്ഥിനിയാണ് റോസ്. തുടർച്ചയായി നാല് വർഷങ്ങളിലും കേരളാ ആരോഗ്യ സർവ്വകലാശാല നടത്തിയ പരീക്ഷകളിൽ ആദ്യ റാങ്കുകളിൽ റോസ് ഉൾപ്പെട്ടിരുന്നു. 2765 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

കേരളാ ആരോഗ്യ സർവ്വകലാശാല എംബിബിഎസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ അഭിമാനത്തിളക്കത്തിലാണ് നമ്മുടെ കോട്ടയം. കേരളാ ആരോഗ്യ സർവ്വകലാശാല എംബിബിഎസ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയത് കോട്ടയം സ്വദേശിനികളാണ്. രണ്ടാം റാങ്ക് കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ ജൂലിയ തോമസ് കരസ്ഥമാക്കി. എംബിബിഎസ് പരീക്ഷയിൽ 2450 ൽ 2029 മാർക്ക് നേടിയാണ് ജൂലിയ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.