കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരിൽ ആർക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗീസ് പറഞ്ഞു.
സംസ്ഥാനത്ത് ബഹുഭൂരിപക്ഷം പേരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞസ്ഥിതിക്ക് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് രോഗം പിടിപെടാൻ സാധ്യതയേറെയാണ്. ഇങ്ങനെയുള്ളവരിലാണ് രോഗം കൂടുതൽ ഗുരുതരമാവുകയും ആശുപത്രി, ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുകയും ചെയ്യേണ്ടിവരുന്നത്.
സംസ്ഥാനത്തിന് പുറത്തും രാജ്യത്തിനു പുറത്തും യാത്ര ചെയ്യുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇനിയും വാക്സിനെടുക്കാൻ അവശേഷിക്കുന്നവർ എത്രയും പെട്ടന്ന് തന്നെ വാക്സിൻ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്നതിനായി ആശുപത്രികളിൽ നേരിട്ട് ബന്ധപ്പെടുകയോ തദ്ദേശ സ്ഥാപനങ്ങൾ മുഖേന വാർഡ് പ്രതിനിധികൾ വഴിയോ ആശാ വർക്കർമാർ വഴിയോ വാക്സിൻ ലഭ്യത ഉറപ്പു വരുത്താവുന്നതാണ്.