തിരുവനന്തപുരം നഗരത്തിനു വർണ്ണ വിസ്മയ കാഴ്ചകൾ സമ്മാനിച്ചു രാജ്യാന്തര ചിത്രകാരിയും പാലാ സ്വദേശിനിയുമായ അൻപു വർക്കി.


തിരുവനന്തപുരം: തിരുവനന്തപുരം നഗരക്കാഴ്ചകളിൽ വർണ്ണ വിസ്മയ കാഴ്ചകൾ സമ്മാനിച്ചു ഇനി അൻപു വർക്കിയുടെ ചിത്രങ്ങളും. 













തിരുവനന്തപുരം പാളയം അടിപ്പാതയിൽ ഗ്രാഫിറ്റി ചിത്രങ്ങൾ വരച്ചു ചേർത്തു പൂർണ്ണതയിലെത്തിക്കുകയാണ് രാജ്യാന്തര ചിത്രകാരിയും പാലാ സ്വദേശിനിയുമായ അൻപു വർക്കി. തിരുവനന്തപുരത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണ് അൻപു വർക്കിയും സഹപ്രവർത്തകരും ചുവരിൽ ചിത്രം വരയ്ക്കുന്നത്. പാളയം അടിപ്പാതയുടെ ഇരുവശങ്ങളിലുമായി 4 ചുവരുകളിലായി കായിക മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരയ്ക്കുന്നത്.

ഉയരത്തിൽ ചിത്രങ്ങൾ വരച്ചു ചേർക്കുന്ന അൻപു വർക്കിയെയും സഹപ്രവർത്തകരെയും അത്ഭുതത്തോടെയാണ് ഇതുവഴി കടന്നു പോകുന്നവർ ശ്രദ്ധിക്കുന്നത്. 10 വർഷത്തോളമായി ഈ മേഖലയിൽ സജീവ സാന്നിധ്യമായി നിൽക്കുകയും രാജ്യാന്തര ചിത്രകാരിയായ അൻപു വർക്കിയുടെ ചിത്രങ്ങൾ തിരുവനന്തപുരത്തിന് കാഴ്ച്ചകളുടെ വിസ്മയം സമ്മാനിക്കുമ്പോൾ പാലാ സ്വദേശിനിയായ അൻപുവിലൂടെ കോട്ടയത്തിനും അഭിമാനമായി മാറുകയാണ്. പാലാ ഭരണങ്ങാനം സ്വദേശിനിയായ അൻപു വർക്കി ഇപ്പോൾ ബംഗളൂരുവിലാണ് താമസിക്കുന്നത്.

ബറോഡായിലെ മഹാരാജ സായ്ജിറാവു യൂണിവേഴ്‌സിറ്റിയിൽ നിന്നും 1998-2004 കാലഘട്ടത്തിൽ ഫൈൻ ആർട്ട്സിൽ (BFA+MFA) ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. വലിയ കെട്ടിടങ്ങളിലും മറ്റു സ്ഥലങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്നത് ആവേശവും ഒപ്പം സന്തോഷവുമാണെന്നും അൻപു വർക്കി പറയുന്നു. അഞ്ചാം വയസ്സിലാണ് ഭരണങ്ങാനത്ത് നിന്നും അൻപു ബെംഗളൂരുവിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്തേക്ക് മാറിയത്.

സ്‌കൂൾപഠനം ബെംഗളൂരുവിലായിരുന്നു. ലണ്ടൻ ഫിലിം അക്കാദമിയിൽനിന്നു ഫിലിം മേക്കിങ് ബിരുദവും ലണ്ടൻ സെന്റ് മേരീസ് ബയാം ഷോ സ്കൂളിൽനിന്നു ഫൈനാർട്സിൽ ഡിപ്ലോമയും അൻപു വർക്കി കാരസ്ഥമാക്കി. 2012ൽ ‍ഡൽഹിയിലാണ് ആദ്യത്തെ പ്രഫഷനൽ വർക്ക് ചെയ്തതെന്ന് അൻപു പറയുന്നു. തുടർന്നാണ് ഡൽഹി പോലീസ് ആസ്ഥാനത്ത് 158 അടി ഉയരമുള്ള ഗാന്ധിചിത്രം വരച്ചത്. പിതാവ് കെ.വി. വർക്കി.മാതാവ് അമ്മിണി. ഭർത്താവ് ഹേമന്ത്.സഹോദരൻ അനൂപ്.