തിടനാട്: അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് വിവാഹം നീണ്ടുപോകുന്ന നിരവധി യുവജനങ്ങൾ ഗ്രാമപഞ്ചായത്തിലുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാര്യേജ് ഡയറി എന്ന ഉദ്യമത്തിന് തിടനാട് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പരിധിയിലെ വാർഡുകളിൽ അടുത്തിടെ അടുത്തിടെ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങുകയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ പെരുമാകുന്നേലിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുന്നത്.
കേരളത്തിനകത്തുള്ള ആർക്കും തിടനാട് ഗ്രാമപഞ്ചായത്തിന്റെ മാര്യേജ് ഡയറിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പൂർണ്ണമായും സൗജന്യമായ സേവനമാണ് ഇവിടെ നിന്നും നൽകുന്നത്. കേരളത്തിൽ ഉള്ള എല്ലാ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയാണ് സേവനം എന്നും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപഗ്രഥനം നടത്തി കൈമാറുകയാണ് ചെയ്യുന്നത് എന്നും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ പെരുമാകുന്നേൽ പറഞ്ഞു.
ഇതിനോടകം തന്നെ വിവിധ ജില്ലകളിൽ നിന്നായി നിരവധിപ്പേരാണ് രജിസ്റ്റർ ചെയ്തതെന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് പറഞ്ഞു. ആദ്യഘട്ടത്തിൽ വാട്ട്സ്ആപ്പ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അടുത്ത ഘട്ടമായി വെബ്‌സൈറ്റ് നിർമ്മിച്ചു സൗജന്യ സേവനം നൽകുമെന്നും രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ സ്വകാര്യതയോടെ സൂക്ഷിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രവർത്തനം നടക്കുന്നത്.
വിവരങ്ങൾക്ക്:
കോഡിനേറ്റർ- ഷെറിൻ പെരുമാകുന്നേൽ (തിടനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9847998258
വിജി ജോർജ് -പ്രസിഡന്റ് തിടനാട് ഗ്രാമപഞ്ചായത് 9447055996
മിനി ബിനോ -വൈസ് പ്രസിഡന്റ് 9744169180
ലീനാ ജോർജ് -വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9562765051
ഓമന രമേശ് -ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9645258128