കോട്ടയം: തായ്‌വാൻ പുരസ്‌കാര ജേതാവ് എൻ എസ്സ് രാജപ്പനെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിനന്ദിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉപജീവനത്തിനൊപ്പം കായൽ സംരക്ഷണവും ഏറ്റെടുത്ത് നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ വേമ്പനാട്ട് കായലിന്റെ സംരക്ഷകനായ എന്‍ എസ് രാജപ്പനെ തേടിയാണ് തായ്‌വാനിൽ നിന്ന് പുരസ്‌കാരം ലഭിച്ചത് ഈ പരിസ്ഥിതി ദിനത്തിൽ ആഹ്ളാദം പകരുന്ന വാർത്തയാണ് എന്ന് വി എൻ വാസവൻ പറഞ്ഞു.
സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടിയെത്തത്. തന്റെ മണ്ഡല പരിധിയിൽ താമസിക്കുന്ന രാജപ്പനിൽ നിന്നും രക്തഹാരം ഏറ്റുവാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങിയത് എന്ന് ഏറെ അഭിമാനത്തോടെ ഓർക്കുന്നതായും വി എൻ വാസവൻ പറഞ്ഞു. ജലാശയ സംരക്ഷണത്തിനായി ഒരു സാധാരണ മനുഷ്യന് എങ്ങനെ ഇടപെടാമെന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് രാജപ്പൻ എന്ന് മന്ത്രി പറഞ്ഞു.
പുരസ്കാര നേട്ടത്തിൽ രാജപ്പന് എല്ലാ ആശംസകൾ നേരുന്നതായും കായൽ സംരക്ഷണത്തിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തികൾ മാതൃകാപരമാണ് എന്നും വി എൻ വാസവൻ പറഞ്ഞു. പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ പ്രകൃതിയെയും ഭൂമിയെ തന്നെയും സംരക്ഷിക്കുകയാണ്, അതിനുമപ്പുറം നാം ഓരോരത്തരും പ്രകൃതിയോട് എങ്ങനെ പെരുമാറണം എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ഇദ്ദേഹം തന്റെ ജീവിതത്തിലൂടെ വരച്ചു കാട്ടുന്നത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.