സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ വിവരങ്ങൾ അറിയാൻ കാരിത്താസ് ആശുപത്രിയിൽ കൺട്രോൾ റൂം ആരംഭിച്ചു.


ഏറ്റുമാനൂർ: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ വിവരങ്ങൾ അറിയാൻ തെള്ളകം കാരിത്താസ് ആശുപത്രിയിൽ കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എം അഞ്ജന നടത്തിയ ചർച്ചയിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കാരിത്താസ് ആശുപത്രിയിൽ സജ്ജമാക്കിയത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളെ കിടക്കകള്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, ആംബുലൻസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ സെല്‍ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു. സ്വകാര്യ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ ഏകോപനം, കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അവർക്കു മാനസിക സംഘര്‍ഷം കുറക്കാന്‍ കൗണ്‍സലിംഗ് ഉള്‍പ്പടെയുള്ള പിന്തുണ ലഭ്യമാക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കായി  പ്രത്യേക വിഭാഗങ്ങളാണ് 24 മണിക്കൂറും ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. 0481 6811100 (കോവിഡ് കെയർ), 7594 05 1414 (ടെലി കൗൺസിലിംഗ്) എന്നീ നമ്പറുകളിൽ സേവനങ്ങൾ ലഭ്യമാണ്. covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലിലും ചകിത്സാ സൗകര്യങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്. സൈനിക് വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം ബി.സി.എം കോളേജുമാണ് കൺട്രോൾ റൂമിലേക്ക് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കുന്നത്.