ഓരുവെള്ളം കയറുന്നത് തടയാൻ മീനച്ചിലാറ്റിൽ സ്ഥിരം സംവിധാനം ശാസ്ത്രീയമായി നടപ്പിലാക്കാനുള്ള നടപടി ആലോചിക്കും;വി എൻ വാസവൻ.


കോട്ടയം: മീനച്ചിലാറ്റിൽ ഓരുവെള്ളം കയറുന്നത് തടയാൻ സ്ഥിരം സംവിധാനം ശാസ്ത്രീയമായി നടപ്പിലാക്കാനുള്ള നടപടി ആലോചിക്കും എന്ന് വി എൻ വാസവൻ പറഞ്ഞു. ഓരുവെള്ളം കയറുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം നിർമ്മിച്ച തടയണ പൊട്ടിത്തകർന്ന കുമ്മനം കുളപ്പുരക്കടവിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പൂർത്തിയാക്കി മൂന്നു ദിവസം തികയും മുൻപാണ് തടയണ പൊട്ടിത്തകർന്നത്. വർഷം തോറുമുള്ള തടയണ കെട്ടിക്കളിയിൽ വൻ അഴിമതി ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഓരുവെള്ളം തടയുന്നതിനായി താഴത്തങ്ങാടിയിൽ തടയണ നിർമ്മിക്കുന്നത്. മഴക്കാലം എത്തുമ്പോൾ തടയണ തകരുകയോ അല്ലെങ്കിൽ പൊട്ടിച്ചു വിടുകയോ ആണ് പതിവ്.  വർഷം തോറും തടയണ നിർമ്മിക്കുന്നതിലൂടെ വൻ അഴിമതിയാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന് പകരം ഇതിനു വേണ്ടി സ്ഥിരം സംവിധാനം ശാസ്ത്രീയമായി നടപ്പിലാക്കാനുള്ള നടപടിയാണ് വേണ്ടതെന്ന ജനങ്ങളുടെ ആവശ്യത്തിൽ ഇറിഗേഷന്‍ വകുപ്പിലെയും വാട്ടര്‍ അതോറട്ടി വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വി എൻ വാസവൻ പറഞ്ഞു. വർഷം തോറും ടൺ കണക്കിന് മണ്ണാണ് തടയണ നിർമ്മിക്കുന്നതിനായി മീനച്ചിലാറ്റിൽ നിക്ഷേപിക്കുന്നത് ആറിന്റെയും തോടുകളുടെയും സ്വഭാവികമായ ആഴം കുറയ്ക്കുകയും മണ്ണ് നിറഞ്ഞ് ആഴം കുറയുന്നതിനാല്‍ കുമ്മനം, അയ്മനം മേഖലകളില്‍ നദീതീരങ്ങളിലെ ജലനിരപ്പ് ഉയരാനും അശാസത്രീയ നിര്‍മ്മാണ രീതി കാരണമാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.