കോവിഡിനെതിരെ പൊരുതാം, ചുരുങ്ങിയ ചെലവിൽ വീട്ടിൽ മിനി വെന്റിലേറ്റർ നിർമ്മിക്കാനുള്ള സംവിധാനങ്ങളുമായി മുണ്ടക്കയത്തെ വ്യാപാരി.


മുണ്ടക്കയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും പ്രതിദിനം കൂടുതൽ പേര് രോഗബാധിതരാകുകയും ചെയ്യുന്ന കണക്കുകളാണ് നമ്മൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ആശുപത്രി ചികിത്സാ സൗകര്യങ്ങൾ പരിമിതമാകുന്നതും ഓക്സിജനും വെന്റിലേറ്ററുകളമടക്കമുള്ള സേവനങ്ങൾക്കായി ജനങ്ങൾ വിഷമിക്കുമ്പോൾ ചുരുങ്ങിയ ചെലവിൽ വീട്ടിൽ മിനി വെന്റിലേറ്റർ നിർമ്മിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് മുണ്ടക്കയത്തെ വ്യാപാരിയായ ഷിനോജ് പ്രസന്നൻ. കോവിഡ് മഹാമാരിയുടെ ഈ സമയത്ത് അത്യാസന്ന നിലയിലുള്ള രോഗബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ശ്വാസം നൽകാനും രോഗബാധിതരായി വീട്ടിൽ കഴിയുന്നവർക്ക്ക് ആശുപത്രി സേവനം ലഭ്യമാകുന്നത് വരെയും ഈ സംവിധാനത്തിലൂടെ കൃതൃമ ശ്വാസം ലഭ്യമാക്കാൻ സാധിക്കും. 2000 രൂപ ചെലവിൽ എല്ലാ വീടുകളിലും നിർമ്മിക്കാനാകും വിധത്തിലുള്ള വെന്റിലേറ്റർ ഒരുക്കുകയാണ് ഷിനോജ് പ്രസന്നൻ എന്ന മുണ്ടക്കയത്തെ ഈ വ്യാപാരി. ഒരു ആംബു ബാഗ്, 12 വോൾട്ട് റെഗുലേറ്റർ,ഒരു ചെറിയ പലക,വൈപ്പർ മോട്ടോർ,അര മീറ്റർ നീളമുള്ള 2 പിവിസി പൈപ്പ്, പൈപ്പിൽ നിന്നും വാഷിങ് മെഷീനിലേക്ക് വെള്ളത്തിനായി കണക്റ്റ് ചെയ്യുന്ന ചുരുണ്ട പൈപ്പ് എന്നിവയാണ് അവശ്യ വസ്തുക്കൾ. പ്രവർത്തന ക്ഷമമാകുന്ന ആംബു ബാഗ് അന്തരീക്ഷത്തിൽ നിന്നുമാണ് ഓക്സിജൻ വലിച്ചെടുത്ത് നൽകുന്നത്. മുണ്ടക്കയത്ത് ഇൻവെർട്ടർ സ്ഥാപനം നടത്തുന്ന ഷിനോജ് ഐടിഐ യും വീഡിയോ ഇലക്ട്രോണിക്സ് കോഴ്‌സും പൂർത്തിയാക്കിയ വ്യക്തിയാണ്. വീടുകളിൽ മാത്രമല്ല വാഹനങ്ങളിലും യഥേഷ്ടം പ്രവർത്തിപ്പിക്കാൻ സാധിക്കും. സുഹൃത്തുക്കളായ ഡോക്ടർമാരെ തന്റെ പുതിയ സംവിധാനം കാണിച്ചപ്പോൾ ഉപയോഗിക്കാൻ തടസ്സമില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷിനോജ് പറഞ്ഞു. ഭാര്യ സ്വപ്നയും മക്കളായ മാധവനും ശ്രീഹരിയും ഇദ്ദേഹത്തിന് പ്രോത്സാഹനമായി ഒപ്പമുണ്ടായിരുന്നു.