വൈക്കത്ത് കോവിഡ് ആശുപത്രി തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.


വൈക്കം: വൈക്കത്ത് കോവിഡ് ആശുപത്രി തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. വൈക്കത്തെ നിർമാണം പൂർത്തീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ആശുപത്രിയായി തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ആശുപത്രിയിലെ ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തതായും വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു. ഗ്രൗണ്ട് ഫ്ലോറിൽ കോവിഡ് സാബ് കളക്ഷൻ സെന്റർ, മെഡിക്കൽ റെക്കോർഡ് ലൈബ്രറിയും പ്രവർത്തിക്കും. മുകളിലുള്ള 4 നിലകളിലായി 170 കിടക്കകൾ ആണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 51 കിടക്കകൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തിയിട്ടുള്ളതാണ്. കൂടുതൽ കിടക്കകൾ ആവശ്യമായി വരുന്ന അടിയന്തര സാഹചര്യത്തിൽ 50 കിടക്കകൾ കൂടി  സജ്ജീകരിക്കുന്നത്തിനുള്ള സംവിധാനവും ലഭ്യമാണ്. നിലവിലുള്ള ആംബുലൻസുകൾക്ക് പുറമേ മറ്റൊരു ആംബുലൻസ് കൂടി ചൊവ്വാഴ്ച വൈക്കത്ത് എത്തിക്കുമെന്ന് ഡിഎംഒ അറിയിച്ചതായി എംഎൽഎ പറഞ്ഞു. നിലവിൽ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.