കോട്ടയം: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഇന്ന് നേരിയ ശമനം മാത്രമാണുള്ളത്. എന്നാൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇന്ന് രാവിലെ 11 മണിയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,മുണ്ടക്കയം,ഇളംകാട് മേഖലകളിൽ രാവിലെ ശക്തമായ മഴയായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ ആണ്. മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും വെള്ളം കയറി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു തന്നെയാണ്. ജില്ലയിലെ നിരവധി പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ, പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
