കനത്ത മഴ: ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ,നിരവധി വീടുകളിൽ വെള്ളം കയറി.


ചങ്ങനാശ്ശേരി: മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയും താഴ്ന്ന പ്രദേശങ്ങളുമായി ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മേഖലയിൽ നിരവധി വീടുകളിൽ ഇതിനോടകം തന്നെ വെള്ളം കയറി. ആറുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. കടമാൻചിറ, പാമ്പൂരാൻപാറ, പൊട്ടശേരി തുടങ്ങിയ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ വെള്ളം കയറുന്നതോടെ എവിടേക്കു മാറും എന്ന ആശങ്കയിലാണ് ജനങ്ങൾ. കുറിച്ചി, വാഴപ്പള്ളി പഞ്ചായത്തുകളിലെ പാപ്പാൻച്ചിറ,പുതുച്ചിറ,പറാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പ്രദേശത്ത് വെള്ളം കയറി. വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുറിച്ചി പഞ്ചായത്തിൽ പ്രതിനിധികളുമായി എംഎൽഎ ജോബ് മൈക്കിൾ ചർച്ച നടത്തി. ചങ്ങനാശ്ശേരിയിലെ പെരുന്ന, പായിപ്പാട്, ഈര തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം കയറി നിരവധി കർഷകരുടെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.