കോവിഡ് ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാം.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഭാഗമായി സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാം. ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകൾ സർക്കാർ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും  രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കുകൾ ആശുപത്രിയിയ്ക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദർശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റേറ്റ് കൗൺസിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യണം. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതികൾ സ്വീകരിച്ച്  നടപടികൾ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നതായി കണ്ടെത്തിയാൽ അവരിൽ നിന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് തുടങ്ങിയ നിയമപ്രകാരം ജില്ലാ കളക്ടർമാർ തുടർ നടപടികൾ സ്വീകരിക്കും. കോവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും അഡ്മിഷൻ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ച് ഉടൻതന്നെ പ്രവേശിപ്പിക്കണം. പ്രവേശന സമയത്ത് ചികിത്സാ ഫീസിനത്തിൽ അഡ്വാൻസായി തുക ഈടാക്കരുത്. കോവിഡ് മാനേജ്‌മെന്റിനായി സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സർക്കുലറുകളും മാർഗ നിർദേശങ്ങളും മുഴുവൻ സ്വകാര്യ ആശുപത്രികളും കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാം. പരാതികൾ 24 മണിക്കൂറും സ്വീകരിക്കുന്നതാണ്. പൊതുജനങ്ങൾക്ക് ഇ-മെയിൽ വിലാസത്തിലോ ഫോൺ നമ്പറിലോ നേരിട്ടോ പരാതി നൽകാവുന്നതാണ്. 

ജില്ലയിലെ പരാതി പരിഹാര വിവരങ്ങൾ ഇങ്ങനെ:

e-mail- grcktm05@gmail.com 

phone- 04812999087