കടയിനിക്കാട്: കാഞ്ഞിരപ്പളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി സജീവ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സോണിയയും പ്രിയങ്കയും രാഹുലും.
പെട്ടന്ന് പേര് കേൾക്കുമ്പോൾ കോൺഗ്രസ്സിന്റെ ദേശീയ നേതാക്കളെ ഓർമ്മ വന്നേക്കാം. അതെ,കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായ കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ കടയനിക്കാട് വെട്ടിത്താനത്ത് സാജന്റെയും ജയയുടെയും മക്കളാണ് സോണിയയും പ്രിയങ്കയും രാഹുലും. കോൺഗ്രസ് പാർട്ടിയോടുള്ള സ്നേഹം കാരണമാണ് മൂത്ത മകൾക്ക് സോണിയയെന്നും, രണ്ടാമത്തെ മകൾക്ക് പ്രിയങ്കയെന്നും മകന് രാഹുൽ എന്നും സാജൻ പേരിട്ടത്.
ദേശീയ നേതാക്കളുടെ പേരുകൾക്കൊപ്പം പ്രവർത്തനത്തിലും അവരുടെ പാത പിന്തുടരുകയാണ് ഈ കൊച്ചു മിടുക്കർ. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോസഫ് വാഴയ്ക്കന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ മേഖലകളിൽ സജീവമാണ് ഈ കൊച്ചു മിടുക്കർ.
പിതാവിനെ പോലെ തന്നെ കോൺഗ്രസ് പാർട്ടിയെ ജീവനായി കാണുന്ന മിടുക്കരാണ് മൂവരും. ഇലക്ഷൻ പ്രചാരണത്തിൽ പോസ്റ്റർ ഒട്ടിച്ചും, വീടുകൾ കയറി വോട്ടഭ്യർഥിച്ചും സജീവമാണ് ഇവർ.
