അതിജീവന വഴിയിൽ നവകേരളത്തിലേക്ക് നമ്മുടെ കോട്ടയവും.


 കോട്ടയം: പ്രളയവും കോവിഡും വിതച്ച ദുരിതങ്ങൾക്കിടയിൽ അതിജീവനത്തിന്റെ പാതയിൽ നവകേരളത്തിലേക്ക് ചുവടു വയ്ക്കുന്ന സംസ്ഥാനത്തിനൊപ്പം നമ്മുടെ കോട്ടയവും. വിവിധങ്ങളായ മിഷനുകളുടെയും നവകേരള നിർമിതിയുടെയും ഭാഗമായി കോട്ടയം ജില്ലയിൽ നടപ്പിലാക്കിയത് നിരവധി പദ്ധതികളാണ്. അനേകമാളുകൾ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായി. സമ്പൂർണ ഭവന നിർമ്മാണം, കൃഷി,ശുചിത്വ-ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ നമ്മുടെ ജില്ലയും നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം കോട്ടയം ജില്ലയിൽ 8229 കുടുംബങ്ങൾക്കാണ് സുരക്ഷിത ഭവനം സ്വന്തമായത്. ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ കാർഷിക മേഖലയിൽ മാത്രം 90.89 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിച്ചു. ഗ്രാമങ്ങളില്‍ സുരക്ഷിതവും ആരോഗ്യപരവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ‘സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി. ജില്ലയിലെ സ്‌കൂളുകൾ ഹൈട്ടെക്കായി മാറി. കോട്ടയം ജില്ലയിലെ പുതിയ ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 54 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ്സ് മുറികൾ, ഹൈടെക് ലാബ് എന്നിവ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ 1214 വിദ്യാലയങ്ങളിലായി 21106 ഉപകരണങ്ങളാണ് സ്ഥാപിച്ചത്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്‌ക്രീൻ,സ്പീക്കറുകൾ, ക്യാമറ,പ്രിന്റർ, ടി വി തുടങ്ങിയ ഉപകരണങ്ങളാണ് വിവിധ വിദ്യാലയങ്ങളിലായി സ്ഥാപിച്ചത്. മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആവശ്യമായ എല്ലാ അടിസ്ഥാന വികസനങ്ങളും ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. പ്രാദേശിയ തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ജില്ലയിലെ 32 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ഇതു കൂടാതെയുള്ളവയുടെ പ്രഖ്യാപനം ഉടൻ നടത്തും. ഹരിത കേരളം മിഷന്റെ ഭാഗമായി ഹരിതസമൃദ്ധി പദ്ധതിയിൽ കോട്ടയം ജില്ലയിൽ ഒരുക്കിയത് 129 പച്ചത്തുരുത്തുകളാണ്. പച്ചത്തുരുത്തുകൾ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകൾ സൃഷ്ടിച്ചത്. അതോടൊപ്പം റീബിൽഡ്‌ കേരളയുടെ ഭാഗമായി ജീവനോപാധികൾ ലഭ്യമാക്കുന്നതിനായി കോട്ടയം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ 8.11 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത്. ഇതിനുമപ്പുറം നിരവധിയായ പ്രവർത്തനങ്ങളും പദ്ധതികളുമായി നവകേരള നിർമ്മിതിക്കൊപ്പം ചുവടുവെയ്ക്കുകയാണ് നമ്മുടെ കോട്ടയവും.