കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ആളുകളിൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി അറിയിച്ചു. ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗനിർണ്ണയം നടത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് എന്നും ഇതിന്റെ ഭാഗമായി കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗികളെ കണ്ടെത്തുന്നതിനും, പര്യാപ്തമായ ചികിത്സ നൽകി രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായാണ് രണ്ടു ദിവസങ്ങളിലായി കൂടുതൽ ആളുകളിൽ ആന്റിജൻ പരിശോധന നടത്തുന്നതെന്നും നിസ്സാർ കുർബാനി പറഞ്ഞു.
ജില്ലാ കളക്ടറിന്റെയും,ജില്ലാ മെഡിക്കൽ ഓഫീസറുടെയും നിർദ്ദേശ പ്രകാരം തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ രണ്ട് മൊബൈൽ കോവിഡ് പരിശോധനാ യൂണിറ്റുകൾ ടെസ്റ്റിനായി ഈരാറ്റുപേട്ടയിൽ സജ്ജമാക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആന്റിജെൻ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർ,ഏതെങ്കിലും തരത്തിൽ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവർ,കോവിഡ് രോഗം ഉണ്ടോയെന്ന് ഭീതി ഉള്ളവർ തുടങ്ങിയവർ ടെസ്റ്റിൽ പങ്കെടുക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നിലവിൽ കോവിഡ് പോസ്റ്റീവ് ആയ വ്യക്തികൾക്ക് വേണ്ടി ബുധനാഴ്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കടുവാമുഴി ബസ്റ്റാന്റിലും,കാരയ്ക്കാട് സ്കൂളിലും ഒരേ സമയം ക്യാമ്പ് സംഘടിപ്പിക്കപ്പെടും. പരിശോധനക്ക് എത്തുന്ന ആളുകൾ തങ്ങളുടെ സമീപത്ത് ഉള്ള പരിശോധന യൂണിറ്റിനെ മാത്രം ആശ്രയിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. രോഗ നിർണ്ണയത്തിനായി പരമാവധി ആളുകൾ സ്വമേധയാ എത്തിച്ചേർന്ന് നമ്മുടെ നാടിനെ കോവിഡ് മുക്തമാക്കുന്ന ദൗത്യത്തിനെ വിജയിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം കൂടുകയും പ്രൈമറി,സെക്കണ്ടറി സമ്പർക്ക പട്ടിക വർധിക്കുകയും, ടെസ്റ്റിനുള്ള കിറ്റുകൾ തികയാതെ വരുകയും ചെയ്യുന്ന അവസ്ഥ ഉള്ളതിനാൽ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കേണ്ടി വരികയും ഭീമമായ തുക നൽകിയുള്ള ടെസ്റ്റ് സാധാരണക്കാരന് താങ്ങാൻ പറ്റാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കുന്നത് എന്ന് നിസ്സാർ കുർബാനി പറഞ്ഞു. ടെസ്റ്റ് ചെയ്താൽ പോസ്റ്റീവ് ആകുമെന്ന് ഭയപ്പെട്ട് സ്വന്തം കുടുംബാംഗങ്ങൾക്കും സമൂഹത്തിനും ഈ രോഗം കൊടുക്കാതെ ഉടൻ തന്നെ രോഗം ഉണ്ടെങ്കിൽ അത് കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തി നമ്മുടെ നാട്ടിൽ നിന്നും കോവിഡിനെ ഒഴിവാക്കാൻ ഉള്ള ശ്രമത്തിൽ പങ്കാളികൾ ആകണമെന്ന് എല്ലാവരോടും നഗരസഭാ ചെയർമാൻ നിസ്സാർ കുർബാനി അഭ്യർത്ഥിച്ചു.
antigen testing on Monday and Tuesday in Erattupetta.
