100 കടന്നു ജില്ലയിലെ കോവിഡ് മരണങ്ങൾ.


കോട്ടയം: കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 100 കടന്നു. ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ ഉൾപ്പടെ 101 മരണങ്ങളാണ്‌ ജില്ലയിലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. ഇന്നലെ ജില്ലയിലെ 600 ന് മുകളിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരിൽ സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും കോട്ടയം ജില്ലയിലാണ്. ജൂലൈ 27 നാണു ജില്ലയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. സെപ്റ്റംബർ മാസം അവസാനം മുതലാണ് ജില്ലയിലെ കോവിഡ് മരണങ്ങളിൽ വർദ്ധനവുണ്ടായത്. സെപ്റ്റംബർ 20 നു മാത്രം സ്ഥിരീകരിച്ചത് 5 കോവിഡ് മരണങ്ങൾ. ഒക്ടോബർ മാസം മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 28 കോവിഡ് മരണങ്ങൾ. നവംബർ മാസം 29 വരെ സ്ഥിരീകരിച്ചത് 53 മരണങ്ങളാണ്‌. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിൽ ഒൻപതാമാണ് കോട്ടയം. ഒക്ടോബർ മാസത്തിൽ കോട്ടയം പതിനൊന്നാം സ്ഥാനത്തായിരുന്നു. ജില്ലയിലെ കേസ് ഫറ്റാലിറ്റി റേഷിയോ 0.28 ആണ്.