കോട്ടയം: കഴിഞ്ഞ വിജയദശമി ദിനത്തിൽ കോട്ടയത്തിന് കളരിപ്പയറ്റിൽ കടൽ കടന്നൊരു ഗുരുനാഥയെ കിട്ടി. സ്വിറ്റ്സർലൻഡ് സ്വദേശിനിയും നീണ്ടൂർ ചിറയ്ക്കൽ സി.പി. രാജേഷിന്റെ ഭാര്യയുമായ നതാലി നിക്കോളാസ്. ചികിത്സയ്ക്കും കളരി പഠനത്തിനുമായി കോട്ടയത്തെത്തിയ നതാലി പിന്നീട് കോട്ടയത്തിന്റെ മരുമകളായി മാറി.
നന്നേ ചെറുപ്പത്തിൽ തന്നെ നതാലിയെ പുറം വേദനയും അലർജി സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. ഇതിനു പരിഹാരമായി സ്വിറ്റ്സർലൻഡിലെ ഡോക്ടർമാരാണ് യോഗയോ കളരിയോ അഭ്യസിക്കുന്നത് ഗണം ചെയ്യുമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് കളരി അഭ്യസിക്കുന്നതിനായി നതാലി കോട്ടയം കടുത്തുരുത്തി സിവിഎൻ കളരിയിൽ എത്തിയത്. 2005 ലാണ് നതാലി കോട്ടയത്ത് എത്തുന്നത്.
കടുത്തുരുത്തി സിവിഎൻ കളരിയിൽ വെച്ചാണ് നീണ്ടൂർ സ്വദേശി സി പി രാജേഷുമായി നതാലി പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് വിവാഹത്തിലേക്ക് വഴി മാറി. 2007 ൽ ഇരുവരും വിവാഹിതരാകുകയും സ്വിറ്റ്സർലൻഡിൽ താമസമാരംഭിക്കുകയും ചെയ്തു. കളരി അഭ്യാസ മുറകൾ പഠിച്ച നതാലി സ്വിറ്റ്സർലൻഡിൽ കളരി തുടങ്ങുകയായിരുന്നു. 20 വർഷത്തിലധികമായി കളരി രംഗത്ത് സജീവമായ രാജേഷാണ് സ്വിറ്റ്സർലൻഡിലെ കളരിയുടെ കാര്യങ്ങൾ നോക്കുന്നത്. നതാലിയും മകൻ ആദിത്യനുമാണ് 2 മാസം മുൻപ് കോട്ടയത്ത് എത്തിയത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നതിനായാണ് നതാലി ഇവിടെ കളരി ആരംഭിച്ചത്. നതാലിയുടെ പിതാവ് ഡോ. ഹെയ്ൻസ് നിക്കോളാസും ഉടൻ തന്നെ നീണ്ടൂരിലേക്ക് എത്തുമെന്ന് നതാലി പറയുന്നു. വിവിധ വിഭാഗങ്ങളായാണ് കളരി അഭ്യസിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചാണ് പഠനം.
ചിത്രം:വിഘ്നേഷ് കൃഷ്ണമൂർത്തി.


