പാലാ: കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ ഹോട്ടൽ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ.  കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനും പുനരുദ്ധാരണത്തിനും അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യമന്ത്രി പി തിലോത്തമന് നിവേദനം നൽകിയതായും ആദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം, വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും മാണി സി കാപ്പൻ പറഞ്ഞു. പ്രതിസന്ധിയെ തുടർന്നു നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. പലതും അടച്ചു പൂട്ടലിൻ്റെ വക്കിലാണ്. ഹോട്ടൽ വ്യവസായത്തെ സഹായിക്കാൻ ലൈസൻസ് വ്യവസ്ഥകൾ ഉദാരമാക്കേണ്ടതുണ്ട് എന്നും 36 സീറ്റുവരെയുള്ള ഹോട്ടലുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കണമെന്നും ഗ്യാസും വൈദ്യുതിയും സൗജന്യ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നിവേദനത്തിലൂടെ ഉന്നയിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.