അതീവ ജാഗ്രതയിൽ കോട്ടയം,ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം.


     കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതോടെ കോട്ടയം ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയിൽ പ്രതിദിനം കോവിഡ് രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു വരുന്നത് ആശങ്കയുയർത്തുന്നുണ്ട്. ദിവസേന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതോടെ കോട്ടയം ജില്ലയിൽ കോവിഡ് തീവ്രവ്യാപനത്തിലേക്കോ എന്ന ആശങ്കയിലാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ 2 ദിവസങ്ങളിലും 600 നടുത്തു പുതിയ കോവിഡ് പോസിറ്റിവ് കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കുന്നവരിൽ സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നതും കോട്ടയം ജില്ലയിലാണ്. ജില്ലയിൽ പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 584 പേർക്കാണ്. ഇവരിൽ 581 പേർക്കും രോഗബാധ സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. ബുധനാഴ്ച്ച ജില്ലയിൽ 594 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 590 പേർക്കും രോഗബാധ സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇത്തരത്തിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നത് ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട്. 

    

ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നത് ആശങ്കാവഹമാണ്. കഴിഞ്ഞ ഒരു മാസമായി ജില്ലയിൽ തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. അതോടൊപ്പം ജില്ലയിൽ കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. നഗര മേഖലകൾ കേന്ദ്രീകരിച്ചു രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവിൽ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ നിലവിൽ 25 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 47 വാർഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. 

    
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും ഊർജ്ജിതമായി നടക്കുമ്പോഴും രോഗവ്യാപനം വർദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. കണ്ടയ്‌മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 15 വരെ തുടരുമെന്നും ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും തയ്യാറാകണമെന്നും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ നിർദേശങ്ങൾ കൃത്യമായി എല്ലാവരും പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് പ്രതിരോധ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി എല്ലാ സ്ഥലങ്ങളിലും സെക്ടറൽ മജസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധനകളും നടപടികളും കർശനമാക്കും.

    കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5479 പേരാണ് വിവിധ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ 23665 പേര്‍ കോവിഡ് ബാധിതരായി. 18150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19686 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.