ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ഗതാഗത നിയന്ത്രണ രംഗത്ത് പുതിയ അധ്യായം കുറിച്ച് കൊണ്ട് ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ട്രാഫിക് യൂണിറ്റിന്റെ ഉത്ഘാടനം ഇന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും.
ജനസാന്ദ്രതയും വാഹനത്തിരക്കും വർധിച്ചുവരുന്ന ഈരാറ്റുപേട്ട നഗരത്തിൽ ഏറെക്കാലമായി ഉയർന്നുകേൾക്കുന്ന ആവശ്യങ്ങളിലൊന്നാണ് ട്രാഫിക് നിയന്ത്രണത്തിന് പ്രത്യേക സംവിധാനം വേണമെന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിനും വാഹനത്തിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ അനിവാര്യമാണെന്ന ആവശ്യം നഗരസഭ ഗൗരവത്തോടെയാണ് കണ്ടത് എന്നും ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി പി നാസർ പറഞ്ഞു.
ചെയർമാനായി ചുമതലയേറ്റ ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ ഗതാഗത പ്രശ്നങ്ങളുടെ ഗൗരവവും നഗരത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ബന്ധപ്പെട്ട പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവിയെയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും നേരിൽക്കണ്ട് നഗരത്തിൽ പ്രത്യേക ട്രാഫിക് സംവിധാനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. ഈ ഇടപെടലുകളുടെ ഭാഗമായി ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി ആറ് പോലീസ് ഉദ്യോഗസ്ഥരെ അനുവദിച്ചുകിട്ടുകയും ചെയ്തു.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രാഥമിക നടപടികളിൽ സുപ്രധാനമായിരുന്നു ഈ ഇടപെടൽ. തുടർന്ന് ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരമായ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഔദ്യോഗികമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി മെയ് 19ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ട്രാഫിക് കൺട്രോൾ യൂണിറ്റ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകാൻ തീരുമാനമെടുത്തു.
നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം ഇതിലൂടെ കൂടുതൽ ഔദ്യോഗികമായി മുന്നോട്ടുവെക്കപ്പെട്ടു എന്നും ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി പി നാസർ പറഞ്ഞു. ഈ ആവശ്യത്തിന് തുടർനടപടികൾ സ്വീകരിക്കുന്നതിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. നടത്തിയ ഇടപെടലുകളും പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ജൂൺ 19 ന് സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ടയ്ക്കായി ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ പ്രഖ്യാപിക്കപ്പെടുകയും പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾക്ക് വഴിയൊരുങ്ങുകയും ചെയ്തു.
നഗരസഭയുടെ ഇടപെടലുകളും എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന തുടർപ്രവർത്തനങ്ങളും പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ നിർണായകമായതായി അദ്ദേഹം പറഞ്ഞു. ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ അനുവദിക്കപ്പെട്ടതോടെ അതിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളിലേക്കും നഗരസഭ കടന്നു. സ്റ്റേഷനുവേണ്ടി കെട്ടിടം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്ന് ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി ഒക്ടോബർ 12ന് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു.
യോഗത്തിൽ കടുവാമുഴിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ട്രാഫിക് യൂണിറ്റ് സ്റ്റേഷന്റെ പ്രവർത്തനത്തിനായി വിട്ടുനൽകുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തീരുമാനമെടുത്തു. കെട്ടിടത്തിന്റെ നവീകരണവും അനുബന്ധ സൗകര്യങ്ങളൊരുക്കലും പൂർത്തിയാക്കുന്നതിനായി നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഇതോടെ ട്രാഫിക് യൂണിറ്റ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ നഗരസഭയുടെ ഉത്തരവാദിത്വം വിജയകരമായി പൂർത്തീകരിക്കാനായി എന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഈരാറ്റുപേട്ടയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിവിധ ഘട്ടങ്ങളിൽ ഇടപെടലുകൾ നടത്തുകയും ഈ പദ്ധതിക്ക് പുതുജീവൻ നൽകുകയും ചെയ്ത പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ.ക്കും ബന്ധപ്പെട്ട പോലീസ് അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉദ്യമവുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി പി നാസർ പറഞ്ഞു.