കാഞ്ഞിരപ്പള്ളി: ആദ്യം കരുതിയത് സ്വാഭാവിക വാഹനാപകടമെന്ന്, എന്നാൽ പോലീസ് അന്വേഷണത്തിൽ വ്യക്തമായത് മറ്റൊന്ന്. അമിത വേഗതയിലെത്തിയ കാർ മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കാർ അമിത വേഗതയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അമിതവേഗത്തിൽ കാറോടിച്ച് മറ്റു വാഹനങ്ങളിലിടിച്ചു അപകടം ഉണ്ടാക്കിയതിന് നരഹത്യാശ്രമത്തിനാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ 4 പേരുടെ പരാതിയിലാണ് കാറോടിച്ചിരുന്ന മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിരിക്കുന്നത്.
ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയതെങ്കിലും പോലീസ് സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മനപ്പൂർവ്വം നടത്തിയ കൃത്യമാണെന്ന് പൊലീസിന് വ്യക്തമായത്. പ്രതി അപകടമുണ്ടാക്കി ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.