കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി ചോറ്റിയിൽ ഏഴോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്വിസ്റ്റ്. സംഭവിച്ചത് സ്വാഭാവിക വാഹനാപകടമല്ലെന്നും കാർ ഡ്രൈവറായ യുവാവ് ജീവനൊടുക്കാൻ കാർ മനഃപൂർവം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റിയതാണെന്നു പൊലിസ്.
ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി യുവാവ് അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് കണ്ടെത്തൽ. അപകടം നടക്കുന്നതിനു തൊട്ടുമുൻപുള്ള സമയത്ത് ദേശീയപാതയിലൂടെ കാർ അമിത വേഗതയിൽ വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ സ്വദേശി ശാലോമിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് കാഞ്ഞിരപ്പള്ളി ചോറ്റിയിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നത്. കൂട്ടിക്കൽ പുത്തൂർ ശാരോൺ (27), കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), കൂട്ടിക്കൽ മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (9), എം.എസ്. ആവണി (4), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലിൽ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ കാർ മനപ്പൂർവ്വം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മനപ്പൂർവ്വം അപകടമുണ്ടാക്കിയ രീതിയിലാണ് അപകടം ഉണ്ടായതെന്ന് ഇന്നലെ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് അപകടകാരണം കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവരിൽ 3 പേർക്ക് ഗരുതര പരിക്കുണ്ടെന്നാണ് വിവരം.
അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷാ തലകീഴായി മറിയുകയും കാറുകളുടെ മുൻഭാഗവും പിൻഭാഗവും പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. അപകടത്തിൽ സാരമായി പരുക്കേറ്റ നാലുപേരുടെ പരാതിയിലാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശാലോം വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നാണ് വിവരം.