ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട്: വിമാനത്താവള നിർമാണത്തിനായുള്ള ആദ്യ നടപടി, പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്, ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർക്ക


പൊൻകുന്നം: ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർക്ക് പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ഓഫീസ് അനുവദിച്ചതായി എംഎൽഎ റോണി കെ ബേബി അറിയിച്ചു.

മിനി സിവിൽ സ്റ്റേഷൻ്റെ നാലാം നിലയിലുള്ള എംഎൽഎ ഓഫീസിൻ്റെ സമീപമുള്ള 402-ാം നമ്പർ മുറി ഇതിനായി അനുവദിച്ച് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി 24 ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പ്രത്യേക ഓഫീസ് രൂപീകരിച്ചിട്ടുള്ളത്. പ്രവർത്തനം ആരംഭിക്കുന്നതിനായി ഓഫീസ് മുറി ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ച് നവംബർ 10-ന് ചേർന്ന പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ എസ്റ്റേറ്റ് കമ്മിറ്റി യോഗമാണ് ഈ മുറി അനുവദിക്കാൻ തീരുമാനിച്ചത്.

ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഓഫീസ് മുറി ഉടൻ കൈമാറുന്നതിനും കാര്യാലയത്തിൻ്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും കാഞ്ഞിരപ്പള്ളി തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു വേണ്ടി 8 മാസങ്ങൾക്ക് മുൻപ് അന്നത്തെ എൽഡിഎഫ് സർക്കാർ സ്‌പെഷ്യൽ തഹസിൽദാരെ നിയമിക്കുകയും 24 തസ്തികകൾ അനുവദിക്കുകയും ചെയ്തിരുന്നെകിലും ഓഫീസ് മുറി ലഭിച്ചിരുന്നില്ല. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു എരുമേലി,മണിമല പഞ്ചായത്തുകളിലായി മുന്നൂറോളം കുടുംബങ്ങൾ ആശങ്കയിൽ കഴിയുന്നതിനിടെ പ്രതീക്ഷയുടെ പുതുവെളിച്ചമാണ് നിർമാണത്തിനായുള്ള ആദ്യ നടപടിയായി ഓഫീസ് അനുവദിച്ചതിലൂടെ കൈവന്നിരിക്കുന്നത്. എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട് പുതിയ സാധ്യതാ പഠനം നടത്തുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂഞ്ഞാർ എംഎൽഎ അഡ്വ.എം.ജെ സെബാസ്റ്റ്യൻ പറഞ്ഞിരുന്നു. ജനത്തിനുപകാരപ്രദമായ രീതിയിൽ എന്താണോ ചെയ്യാൻ സാധിക്കുന്നത് അതിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും വിമാനത്താവളം മാത്രമല്ല റെയിൽവേയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും അന്ന് എംഎൽഎ.പദ്ധതി അനശ്ചിതത്വത്തിലായതോടെ എരുമേലി,മണിമല പഞ്ചായത്തുകളിലായി മുന്നൂറോളം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. വസ്തു വിൽക്കാനോ ബാങ്കിൽ ഈട് വെച്ച് വായ്‌പ്പാ എടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. എത്രയും വേഗത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ മുൻപ് കോടതി റദ്ദാക്കിയതും ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതി വിധിയും പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. വിമാനത്താവള പ്രഖ്യാപനം മാത്രം നീണ്ടുപോകുന്നതിനെതിരെ പ്രാദേശികമായ പ്രതിഷേധങ്ങളും നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും ശബരിമല തീർത്ഥാടനത്തിനും ടൂറിസം വികസനത്തിനും അടക്കം പലനിലകളിലും നാടിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുന്ന ഒന്നാണ് നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്.