നിയമസഭാ സമിതിയുടെ സന്ദർശനത്തിന് പിന്നാലെ എരുമേലി വലിയതോട്ടിൽ വൻതോതിൽ മാലിന്യ നിക്ഷേപം; 50000 രൂപ പിഴ ചുമത്തി പഞ്ചായത്ത്.


എരുമേലി: എരുമേലി വലിയതോടിന്‍റെ പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ സന്ദർശനത്തിന് പിന്നാലെ എരുമേലി വലിയതോട്ടിൽ വൻതോതിൽ മാലിന്യ നിക്ഷേപം.

ഇന്നലെയാണ് വലിയതോടിന്‍റെ പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി എരുമേലിയിൽ സന്ദർശനം നടത്തിയത്. ശബരിമല തീർത്ഥാടനത്തിനായി എത്തുന്ന പതിനായിരക്കണക്കിന് ഭക്തരാണ് പേട്ടതുള്ളി അയ്യനെ വണങ്ങി വലിയതോട്ടിൽ സ്നാനം ചെയ്യുന്നത്.

ഈ വലിയ തോട്ടിലാണ് ഇന്ന് വൻതോതിൽ മാലിന്യ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്. എരുമേലി-പമ്പ പാതയിൽ കരിങ്കല്ലുംമൂഴിയിലാണ് തോട്ടിലേക്ക് വലിയ തോതിൽ പേപ്പർ,പ്ലാസ്റ്റിക്ക് തുടങ്ങിയ ഉപയോഗശൂന്യമായ മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത്തിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും 50000 രൂപ പിഴ ചുമത്തുകയും ചെയ്തു. കെട്ടിടത്തിന്റെയും കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും രേഖകൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തോട്ടിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമക്ക് നിർദ്ദേശം നൽകിട്ടുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കലക്ടർക്കുൾപ്പടെ റിപ്പോർട്ട് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. വലിയ തോടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നു ഇന്നലെ നിയമസഭാ സമിതി വ്യക്തമാക്കിയിരുന്നു. എരുമേലി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് ഭക്തര്‍ കുളിക്കുന്ന സ്ഥലം, കെ.എസ്ആര്‍ടിസി ജങ്ഷന്‍ എന്നിവിടങ്ങളിൽ ഇന്നലെ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.

Next
This is the most recent post.
Previous
Older Post