എരുമേലി: ശബരിമല തീർത്ഥാടന കാലത്ത് മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ എരുമേലി മേഖലയിലെത്തിയ രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി.
നിരവധി മോഷണക്കേസുകളിൽ പ്രതികളായ കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരുടെ യഥാർഥ പേരുകളെക്കുറിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. വിവിധ പേരുകളിലാണ് ഇവർ അറിയപ്പെടുന്നതെന്നാണ് വിവരം. പിടിയിലായ സ്ത്രീകളുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും പൊലീസ് കണ്ടെത്തി.
എരുമേലി മേഖലയിൽ മോഷണം നടത്തുന്നതിനായാണ് ഇരുവരും എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും വസ്ത്രം മാറുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു.
തുടർന്ന് ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ശബരിമല തീർത്ഥാടന കാലത്ത് തിരക്കേറിയ എരുമേലി മേഖലയിൽ മോഷണശ്രമങ്ങൾ തടയുന്നതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് സംഭവം.