വലിയ തോടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണം: നിയമസഭാ പരിസ്ഥിതി സമിതി.


എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി വലിയ തോടിന്‍റെ മലിനീകരണ പ്രശ്നങ്ങൾ എംഎൽഎ സജീവ് ജോസഫ് ചെയർമാനായുള്ള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സന്ദർശിച്ച് വിലയിരുത്തി.

എരുമേലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അവലോകന യോഗത്തിലും സമിതി പങ്കെടുത്തു. വലിയ തോടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്ന് സമിതി നിർദേശിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് എരുമേലിയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. മേൽനോട്ടത്തിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കും.

നിയമസഭാ സമിതിയിലെ അംഗങ്ങളായ എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം.ജെ. സൈബാസ്റ്റ്യൻ, ഫൈസൽ ബാബു, റോണി കെ. ബേബിയും പങ്കെടുത്തു. ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലി, പമ്പ, സന്നിധാനം ഉള്‍പ്പെടെയുള്ള മാലിന്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായാണ് സംഘം എരുമേലിയിൽ എത്തിയത്. എരുമേലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീര്‍ത്ഥാടനകാലത്ത് എരുമേലി നേരിടുന്ന പ്രശ്‌നങ്ങള്‍, അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗം എന്നിവയാണ് സമിതി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി എരുമേലി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് ഭക്തര്‍ കുളിക്കുന്ന സ്ഥലം, കെ.എസ്ആര്‍ടിസി ജങ്ഷന്‍ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തി. എരുമേലി പഞ്ചായത്ത് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്ന് ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി. ഭക്തര്‍ കുളിക്കുന്ന തോട് വ്യാപകമായി മലിനമാകുന്നതായും കൃത്യമായ ശുചീകരണം നടക്കുന്നില്ലെന്നും ജനങ്ങള്‍ അറിയിച്ചു. തോട്ടില്‍ തന്നെ സോപ്പ്, പ്ലാസ്റ്റിക് ഷാംപു പായ്ക്കറ്റുകള്‍, എന്നിവ നിക്ഷേപിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇവ ഓരോ ദിവസവും വിശുദ്ധി സേനയെ കൊണ്ട് നീക്കം ചെയ്യിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കി. വലിയതോടിന്റെ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ഭാഗം വീതി കൂടിയും മുകള്‍ ഭാഗത്ത് വീതി കുറഞ്ഞതും കൈയ്യേറ്റം നടന്നതിന് തെളിവായി ചൂണ്ടികാട്ടി. തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ കൈയ്യേറ്റം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമിതിയ്ക്ക് നല്‍കാനും തീരുമാനിച്ചു. കൂടാതെ വലിയതോട് ശുചീകരണം ഉറപ്പാക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. എരുമേലി ക്ഷേത്ര പരിസരം മാലിന്യ പൂരിതമാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടികാട്ടി. ദേവസ്വം ബോര്‍ഡിന് മാലിന്യ സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ക്ഷേത്രത്തിന് മുന്‍വശത്ത് തന്നെ കാലപഴക്കം ചെന്ന ടോയ്‌ലെറ്റ് ബ്ലോക്ക് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും ശൗചാലയ മാലിന്യം തോട്ടിലേയ്ക്ക് ഒഴുകുന്നുവെന്നും യോഗത്തില്‍ ആരോപിച്ചു. 80 ലക്ഷം രൂപ മുടക്കി പുതിയതായി പാലത്തിനോട് ചേര്‍ന്ന് തടയണ നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ നിര്‍മ്മാണം നടത്തുന്നതിന് പൂഞ്ഞാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ എല്ലാവരുമായി കൂടിയാലോചിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.