കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിലെ സീലിംഗ് പൊളിഞ്ഞു വീണ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു.
സംഭവത്തിൽ ആരോഗ്യ മന്ത്രി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണത്.
കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സീലിംഗ് അടർന്നു വീണത്. സ്ഥലത്തുണ്ടായിരുന്ന രോഗികളും ഒപ്പമുണ്ടായിരുന്നവരും തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്.
നിർമ്മാണത്തിലെ അശാസ്ത്രീയതകളും ഗുണമേന്മയില്ലാത്തതും പാകപ്പിഴകളുമാണ് സീലിംഗ് അടർന്നു വീഴാൻ കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ ഇപ്പോൾ ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ എംഎൽഎ നാട്ടകം സുരേഷ് ഉന്നയിച്ച സബ്മിഷന് മറുപടിയായി നിയമസഭയിൽ പറഞ്ഞിരുന്നു.