എരുമേലി: എരുമേലിയിൽ ശബരീ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു എരുമേലി,മണിമല പഞ്ചായത്തുകളിലായി മുന്നൂറോളം കുടുംബങ്ങൾ ആശങ്കയിൽ കഴിയുന്നതിനിടെ പ്രതീക്ഷയുടെ പുതുവെളിച്ചവുമായി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എം.ജെ.
എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട് പുതിയ സാധ്യതാ പഠനം നടത്തുമെന്നു അദ്ദേഹം പറഞ്ഞു. എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം ഉടൻ ചർച്ചയ്ക്ക് എടുക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനത്തിനുപകാരപ്രദമായ രീതിയിൽ എന്താണോ ചെയ്യാൻ സാധിക്കുന്നത് അതിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും വിമാനത്താവളം മാത്രമല്ല റെയിൽവേയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ തീരുമാനമുണ്ടാകുമെന്നും എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എം.ജെ പറഞ്ഞു.
മുൻ സർക്കാരിന്റെ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പദ്ധതിക്കായി പുതിയ പഠനം നടത്താൻ ഇപ്പോഴത്തെ സർക്കാർ ഒരുങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അനശ്ചിതത്വത്തിലായതോടെ എരുമേലി,മണിമല പഞ്ചായത്തുകളിലായി മുന്നൂറോളം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. വസ്തു വിൽക്കാനോ ബാങ്കിൽ ഈട് വെച്ച് വായ്‌പ്പാ എടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. എത്രയും വേഗത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ മുൻപ് കോടതി റദ്ദാക്കിയതും ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതി വിധിയും പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. വിമാനത്താവള പ്രഖ്യാപനം മാത്രം നീണ്ടുപോകുന്നതിനെതിരെ പ്രാദേശികമായ പ്രതിഷേധങ്ങളും നിലനിൽക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ശബരി റെയിൽവേ പദ്ധതിയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം കേന്ദ്ര സർക്കാർ വഹിക്കാമെന്നും പകുതി വിഹിതം സംസ്ഥാന സർക്കാർ വഹിക്കാമെന്നുമുള്ള ഉറപ്പിന്മേൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരുന്നു. റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിരുന്നു. പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1,900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു എൽഡിഎഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭൂമിയേറ്റെടുക്കാതെ റെയിൽവേ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 505 കോടി രൂപ ഉപയോഗിക്കാൻ സാധിക്കില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും ശബരിമല തീർത്ഥാടനത്തിനും ടൂറിസം വികസനത്തിനും അടക്കം പലനിലകളിലും നാടിന്റെ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുന്ന ഒന്നാണ് നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്.