എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം പടിവാതിൽക്കലിൽ എത്തി നിക്കുമ്പോൾ എരുമേലിയിൽ തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അതേസമയം എരുമേലിയുടെ പ്രവേശന കവാടമായ കൊരട്ടി മുതൽ തീർത്ഥാടകരെത്തുന്ന പ്രധാന പാതയോരങ്ങളിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയായിട്ടില്ല.
ഇരുചക്ര വാഹന വില്‍പ്പന കേന്ദ്രം വരെയാണ് കടകൾക്കൊപ്പം സ്ഥലം കൈയ്യേറി പ്രവർത്തിക്കുന്നത്. നിരവധി തവണ ജനങ്ങൾ അധികൃതർക്ക് പരാതി നൽകിയിട്ടും ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ല. പരാതി നല്‍കിയിട്ടും ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് ഭയമെന്ന് ആക്ഷേപമുയരുന്നുണ്ട്. തീർത്ഥാടനകാലം ആരംഭിക്കുന്നതോടെ വാഹന തിരക്ക് വര്‍ധിക്കുക്കും.
ഇതിനോടകം തന്നെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായും നടപടികൾ സ്വീകരിക്കുന്നതിനായും പൂഞ്ഞാർ-കാഞ്ഞിരപ്പള്ളി എംഎൽഎ മാരുടെ നേതൃത്വത്തിലും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലും അവലോകന യോഗങ്ങൾ ചേർന്നിട്ടും തീർത്ഥാടകർ കടന്നു വരുന്ന പ്രധാന പാതയോരങ്ങളിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളായില്ല.
രണ്ടു മാസക്കാലത്തോളം നീണ്ടു നിൽക്കുന്ന തീർത്ഥാടന കാലം അടുത്തെത്തിയിട്ടും അധികാരികൾ കയ്യേറ്റം കണ്ടില്ലെന്ന ഭാവം നടിക്കുകയാണ്. കൊരട്ടിയിലെ നിന്നും എരുമേലിയിലേക്ക് വരുന്ന പ്രധാന പാതയിൽ പൊതുജനങ്ങൾക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം വരെ കയ്യേറിയിരിക്കുന്ന സ്ഥിതിയാണുള്ളത്. ഇവിടെയാണ് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കേന്ദ്രമായി പ്രവർത്തിക്കുന്നത്.
വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും പൊതുജനങ്ങൾക്കായി റോട്ടറി ക്ലബ്ബ് നിർമ്മിച്ചു നൽകിയിരിക്കുന്ന ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്. ഇതോടെ ബസ്സ് കാത്തു നിൽക്കുന്നവർ വെയിലും മഴയുമേറ്റ് റോഡിൽ നിൽക്കേണ്ട അവസ്ഥയിലാണ്.
.png)
പാതയോരങ്ങളിൽ കയ്യേറ്റം വ്യാപകമായതോടെ കയ്യേറ്റമൊഴിപ്പിച്ചു പാതയോരം സംരക്ഷിച്ച് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ വൈകുന്നു.
തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ പാതയോരങ്ങളില്‍ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി സൗകര്യം ചെയ്ത് നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. സമീപ പഞ്ചായത്തുകളിലെല്ലാം അനധികൃതമായ ഇത്തരം കയ്യേറ്റങ്ങൾ പഞ്ചായത്ത് ഒഴിപ്പിക്കുമ്പോൾ എരുമേലിയിൽ മാത്രം അധികൃതർ കണ്ണടയ്ക്കുകയാണ്.