എരുമേലി: നാടിനെ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിലാക്കിയ സംഭവത്തിനു ഒടുവിൽ നാടകീയ അവസാനം. എരുമേലി മുക്കൂട്ടുതറ കൊല്ലമുളയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന വാർത്ത അതിവേഗമാണ് എല്ലാവരിലുമെത്തിയത്.
കേട്ടവർ ആശങ്കയോടെയാണ് സ്ഥലത്തേക്ക് ഓടിയെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ കുട്ടികൾ തമ്മിലുള്ള എന്തോ വിഷയം കാരണം സ്‌കൂളിൽ പോകാനുള്ള മടി മൂലം കണമലയിലെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മെനഞ്ഞെടുത്ത കഥയായിരുന്നു തമിഴ്‌നാട് സ്വദേശികൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നത്.
തമിഴ്‌നാട് സ്വദേശികൾ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റിയെന്നും കുതറി ഓടുകയായിരുന്നു എന്നുമാണ് വിദ്യാർത്ഥി ആദ്യം പറഞ്ഞിരുന്നത്. സംഭവം നാട്ടുകാർ പോലീസിൽ അറിയിക്കുകയും വെച്ചൂച്ചിറയിൽ നിന്നും പോലീസ് എത്തി അന്വേഷണം നടത്തുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് വിദ്യാർത്ഥി സംഭവം സ്വയം സൃഷ്ടിയായിരുന്നു എന്ന് വ്യക്തമാക്കിയത്. വിദ്യാർത്ഥി പറഞ്ഞ ആദ്യ വിവരങ്ങൾ പ്രകാരം സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നത്.