കോട്ടയം: കോട്ടയം ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരുന്നതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ അടുത്തിടെ നടത്തിയ പ്രത്യേക വാഹന പരിശോധനകളിൽ എറണാകുളം റൂറലും തിരുവനന്തപുരം റൂറലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മദ്യപിച്ചുള്ള ഡ്രൈവിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്.
അടുത്തിടെ കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ മദ്യലഹരിയിൽ 18-കാരൻ ഓടിച്ച ഇന്നോവ കാർ എട്ടുകിലോമീറ്ററോളം പാഞ്ഞ് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ടയർ പൊട്ടി തീപ്പൊരി പാറിയിട്ടും നിർത്താതെ പോയ വാഹനം നാട്ടുകാരാണ് സാഹസികമായി തടഞ്ഞത്. കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കൽ, വാഹനം കസ്റ്റഡിയിലെടുക്കൽ തുടങ്ങിയ കർശന നടപടികൾ മോട്ടോർ വാഹന വകുപ്പും പോലീസും സ്വീകരിക്കുന്നുണ്ട്.
ആദ്യമായി പിടിക്കപ്പെട്ടാൽ പോലും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതിയും കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെടുന്നവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിടിയിലാകുന്നവരുടെ ലൈസൻസ് റദ്ധാക്കാൻ പോലീസ് മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകും. കഴിഞ്ഞിടെ നടത്തിയ പ്രത്യേക പരിശോധനയിൽ പിടിയിലായ 507 പേരുടെ ലൈസൻസ് റദ്ധാക്കനുള്ള ശുപാർശ നൽകിയിട്ടുണ്ട്.
2024 ൽ മദ്യപിച്ചു വാഹനമോടിച്ചതിന് പിടിയിലായത് 15799 പേരാണ്. ഇത് 2025 ൽ 24202 പേരും 2026 സെപ്റ്റംബർ വരെ 14732 പേരും പിടിയിലായി. ഓരോ വർഷവും മദ്യപിച്ചു വാഹനമോടിച്ചു പിടിയിലാകുന്നവരുടെ എണ്ണം ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 240 പേരുടെ ലൈസൻസ് 3 മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ ക്ളാസ് കൂടിയ ശേഷം മാത്രമാകും പുനഃസ്ഥാപിക്കപ്പെടുക.
മദ്യപിച്ചുള്ള ഡ്രൈവിംഗ് വലിയ റോഡപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നതിനാൽ പരിശോധനകൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. എം.സി. റോഡ്, കെ.കെ. റോഡ്, പ്രധാന ടൗണുകൾ, ബൈപ്പാസുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.