പാർക്കിങ് മൈതാനത്തെ മാലിന്യം നീക്കിയില്ല; എരുമേലിയിൽ ദേവസ്വം ബോർഡിന് 5000 രൂപ പിഴ ചുമത്തി പഞ്ചായത്ത്.


എരുമേലി: പാർക്കിങ് മൈതാനത്തെ മാലിന്യം നീക്കം ചെയ്യാഞ്ഞതിനെ തുടർന്ന് എരുമേലിയിൽ ദേവസ്വം ബോർഡിന് 5000 രൂപ പിഴ ചുമത്തി ഗ്രാമ പഞ്ചായത്ത്.

എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു മുൻഭാഗത്തെ ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തിലെ മാലിന്യം നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക്,പേപ്പർ തുടങ്ങിയ മാലിന്യങ്ങളും മൈതാനത്ത് കുന്നു കൂടി കിടക്കുകയായിരുന്നു. ശുചിത്വ-മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് 5000 രൂപ പിഴ ചുമത്തിയത്.

പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതും തുടർന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചതും. തീർത്ഥാടന കാലയളവിലടക്കം പ്രദേശത്തെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് പഞ്ചായത്ത് അധികൃതർ ദേവസ്വം ബോർഡിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേന കഴിഞ്ഞ ദിവസം എരുമേലി നഗരവും സമീപ പ്രദേശങ്ങളിലെയും റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ പിഴയീടാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കർശന പരിശോധന നടത്തുകയും ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ സ്‌ക്വാഡ് കർശന പരിശോധനകൾ നടത്തും. പാർക്കിങ് മൈതാനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ശൗചാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയുണ്ടാകും. രാസസിന്ദൂര വില്പന പരിശോതിഥിക്കാൻ മഫ്ടിയിൽ സ്‌ക്വാഡ് പരിശോധന നടത്തും. പഞ്ചായത്ത് സ്‌ക്വാഡ് കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഹൈക്കോടതിയിലും ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്കും സർക്കാരിനും റിപ്പോർട്ടായി നൽകും.

Next
This is the most recent post.
Previous
Older Post