കാഞ്ഞിരപ്പള്ളി: വാട്സ്ആപ്പിലൂടെ വരുന്ന വ്യാജ ചെല്ലാൻ തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പും പോലീസും.
ഗതാഗത നിയമലംഘനങ്ങളുടെ പിഴയടയ്ക്കാനെന്ന പേരിൽ ലഭിച്ച വ്യാജ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്തത് വഴി പാലാ സ്വദേശിക്കും മുണ്ടക്കയം സ്വദേശിക്കും നഷ്ടമായത് വൻ തുകകൾ. ജില്ലയിൽ ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ കൂടി വരികയാണ്.
പാലാ പൂവരണി സ്വദേശിയും ജിം ട്രെയിനറുമായ തെക്കേതിൽ ജെറിൻ ജോസിന് നഷ്ടമായത് 1.65 ലക്ഷം രൂപയും മുണ്ടക്കയം ഇഞ്ചിയാനി സ്വദേശിയായ ജയരാജിന് 38000 രൂപയുമാണ് നഷ്ടമായത്. ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കിയതായി ലഭിച്ച വാട്സാപ്പ് മെസേജ് തുറന്നു ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് ഇരുവർക്കും പണം നഷ്ടമാകാൻ കാരണമായത്.
ഇരുവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയെന്നോ പോലീസിന്റയെന്നോ രീതിയിൽ തോന്നാവുന്ന രൂപത്തിലുള്ള മെസേജുകളാണ് ഫോണിലേക്ക് ലഭിക്കുന്നത്. ഗതാഗത നിയമ ലംഘനത്തിന് മെസേജ് വന്നാൽ ലിങ്ക് തുനിരക്കാതെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ചെല്ലാൻ അറിയിപ്പുകൾ നൽകാറില്ല.
അതിനാൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന ചെല്ലാൻ സംബന്ധിച്ച സംശയാസ്പദമായ സന്ദേശങ്ങൾ തട്ടിപ്പിന്റെ ഭാഗമായിരിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെ പഴയ ചെല്ലാൻ വിവരങ്ങൾ അടിസ്ഥാനമാക്കി പിഴ ഉൾപ്പെടെയുള്ള തുക അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശങ്ങൾ അയച്ച് വാഹന ഉടമകളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• വാട്സ്ആപ്പിലൂടെ ലഭിക്കുന്ന ചെല്ലാൻ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
• ഇത്തരം ലിങ്കുകൾ വഴി ബാങ്ക് വിവരങ്ങൾ, OTP, കാർഡ് വിവരങ്ങൾ തുടങ്ങിയവ കൈമാറരുത്.
• സംശയാസ്പദമായ ലിങ്കുകളിലൂടെ പണമിടപാട് നടത്തരുത്.
• സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം ഉറപ്പാക്കിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക.
• നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട ചെല്ലാൻ വിവരങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രം പരിശോധിക്കുക.
അറിയാത്ത ലിങ്കിൽ ഒരു ക്ലിക്ക് മതി നിങ്ങളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കുക. വ്യാജ സന്ദേശങ്ങളെ അവഗണിക്കുക.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടുക.