സൗദി അറേബ്യയിലെ വാഹനാപകടം: ജോബിന സൗദിയിൽ ജോലിക്കെത്തിയത് ഒന്നര വർഷം മുൻപ്, പാട്ടുകളെ ജീവനായി സ്നേഹിച്ച ജോബിനയുടെ വേർപാട് വിശ്വസിക്കാനാകാതെ നാട്.


ഏറ്റുമാനൂർ: പാട്ടുകളെ ജീവനായി സ്നേഹിച്ച ജോബിനയുടെ വേർപാട് വിശ്വസിക്കാനാകാതെ നാടും സുഹൃത്തുക്കളും ബന്ധുക്കളും. ഏറ്റുമാനൂർ വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോണിയുടെ മകൾ ജോബിന ജോണി(26) യാണ് സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മരിച്ചത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്‌ല ക്ലിനിക്കുകളിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജോബിന. ഒന്നര വർഷം മുൻപാണ് ജോബിന സൗദിയിൽ ജോലിക്കെത്തുന്നത്. മുൻപ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലാണ് അപകടം ഉണ്ടായത്. 5 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

എല്ലാവരും അപകടസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ജോബിനയ്ക്കൊപ്പം കോട്ടയം കിടങ്ങൂർ സ്വദേശിനിയായ നേഴ്‌സും അപകടത്തിൽ മരണപ്പെട്ടിരുന്നു. അയർക്കുന്നം കിടങ്ങൂർ സ്വദേശി മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്‌സി മോള്‍ മാത്യു(36) ആണ് മരിച്ചത്. മറ്റു രണ്ടു നേഴ്‌സുമാർ തമിഴ്‌നാട് സ്വദേശികളാണ്. സൗദി പൗരനായ ഡ്രൈവറും അപകടത്തിൽ മരിച്ചു.

തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റു 2 നേഴ്‌സുമാർ. ഇരുവരും തമിഴ്‌നാട് സ്വദേശിനികളാണ്. വാഹനമോടിച്ചിരുന്ന സൗദി പൗരനായ ഖാലിദ് ആണ് മരണപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ മേയിൽ നാട്ടിലെത്തിയിരുന്നു ജോബിന. വേദഗിരി സെന്റ് മേരീസ് പള്ളിയുടെ ഗായകസംഘത്തിൽ അംഗമായിരുന്നു ജോബിന പാട്ടുകൾ പാടി അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ജോബിനയുടെ മാതാവ് ബീന ജോണി കാണക്കാരി പഞ്ചായത്ത് 14ാം വാർഡിലെ ആശാവർക്കറാണ്. ഏക സഹോദരൻ ജോഷ്വ കാണക്കാരിയിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റ് ആണ്.