തൃശൂര്‍ പൂരത്തിലെ സജീവസാന്നിധ്യം, ആനപ്രേമികൾക്കിടയിലെ ഗജകൗസ്തുഭം; നൊമ്പരമായി പല്ലാട്ട് ബ്രഹ്‌മദത്തൻ ചെരിഞ്ഞു.


പാലാ: തൃശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരനായ പല്ലാട്ട് ബ്രഹ്‌മദത്തൻ മിന്നലേറ്റ് ചെരിഞ്ഞു. ആനപ്രേമികൾ ഞെട്ടലോടെയും നൊമ്പരത്തോടെയുമാണ് വാർത്ത ശ്രവിച്ചത്.

കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള ആനയായിരുന്നു പല്ലാട്ട് ബ്രഹ്‌മദത്തൻ. വീട്ടുപരിസരത്ത് തന്നെയാണ് ആനയെ തളച്ചിരുന്നത്. വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ മിന്നലേൽക്കുകയായിരുന്നു.

ശാന്തസ്വഭാവം കൊണ്ടും ആകർഷകമായ ശാരീരിക ലക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയനായ കൊമ്പൻ ആയിരുന്നു ഉത്സവപ്രേമികളുടെ പ്രിയങ്കരനായ പല്ലാട്ട് ബ്രഹ്‌മദത്തൻ. അരുണാചൽ പ്രദേശിലെ വനങ്ങളിൽ നിന്നും തപ്പാനയായിരുന്ന ബ്രഹ്‌മദത്തനെ കോട്ടയം പുതുപ്പള്ളി സ്വദേശി പോത്തൻ വർഗീസ് ആണ് കേരളത്തിൽ എത്തിച്ചത്.

ആദ്യകാലങ്ങളിൽ പുതുപ്പള്ളി ബ്രഹ്മദത്തൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പിൽക്കാലത്ത് പാലാ ഭരണങ്ങാനം സ്വദേശിയായ അഡ്വ. രാജേഷ് പല്ലാട്ട് ആനയെ സ്വന്തമാക്കുകയും 'പല്ലാട്ട് ബ്രഹ്മദത്തൻ' എന്ന പേരിൽ പിന്നീട് അറിയപ്പെടുകയായിരുന്നു.

Next
This is the most recent post.
Previous
Older Post