പാമ്പാടി: ഒരുമിച്ചു പഠിച്ചു വളർന്നവർ, എന്നും ഉറ്റസുഹൃത്തുക്കളായി ഒപ്പമുണ്ടായിരുന്നവർ, മരണത്തിലും വേർപിരിയാത്ത സ്നേഹത്തിനു സാക്ഷ്യമായി അവർ ഇരുവരും നാടിന്റെ ഉള്ളുലയിച്ചു യാത്രയാകുകയാണ്.
പാമ്പാടി പതിമൂന്നാം മൈലിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് മരിച്ച കൃപ മെറിൻ കുര്യാക്കോസിന് നഞ്ചുലയ്ക്കുന്ന വേദനയോടെയാണ് നാട് അവസാന യാത്രയാക്കിയത്. നാടിനെയും സുഹൃത്തുക്കളെയും കണ്ണീരണിയിച്ച് പിറന്നാൾ ദിനത്തിൽ ആണ് കൃപ മടങ്ങിയത്. കൃപ മെറിൻ കുര്യാക്കോസിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ നടന്നു. അപകടത്തിൽ മരണപ്പെട്ട ആഷ്‌ലി ആൻ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം മീനടം സെന്റ് ജോർജ് (ഉണക്കപ്ലാവ്) ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷവും ആരവങ്ങളും ആഹ്ലാദങ്ങളും മുഴങ്ങിക്കേൾക്കേണ്ട വീട്ടിലാണ് ഇന്നലെ മെറിൻ അവസാന യാത്രയ്ക്കായി ഒരുങ്ങി എത്തിയത്. മെറിനെ കാണാനെത്തിയവർ ഓരോരുത്തരും കണ്ണീർ പൊഴിച്ചാണ് യാത്രയാക്കിയത്.
വ്യാഴാഴ്‌ച കൃപയുടെ 25–ാം പിറന്നാൾ ദിനമായിരുന്നു. പിറന്നാളും വരാനിരിക്കുന്ന ഇടവകപ്പെരുന്നാളും കൂടാനാകാതെ, നാട്ടിലെ കൂട്ടുകാരെ കണ്ടുതീരാതെയാണ് കൃപയുടെ മടക്കം. രണ്ട് ദിവസം മുന്പാണ് ഓസ്‌ട്രേലിയയിൽ നിന്ന് കൃപ നാട്ടിലേക്ക് എത്തിയത്. ഉറ്റസുഹൃത്തായ ആഷ്‌ലി ആൻ തോമസിനൊപ്പം സ്‌കൂട്ടറിൽ മറ്റൊരു സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ ബുധൻ രാവിലെയായിരുന്നു അപകടം ഉണ്ടായത്.
പ്രിയ മക്കളുടെ വേർപാടിൽ വിതുമ്പുന്ന രണ്ട് കുടുംബങ്ങളുടെ തീരാനൊമ്പരം നാടൊന്നടങ്കം ഹൃദയത്തിലേറ്റുവാങ്ങി. വീട്ടുകാരെ അറിയിക്കാതെ തന്റെ മാതാപിതാക്കളെ അമ്പരിപ്പിച്ചാണ് ഓസ്‌ട്രേലിയയിൽ നിന്നും കൃപ ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയത്. സ്നേഹത്തിന്റെ അമ്പരപ്പ് മാറുന്നതിനു മുൻപ് തന്നെ മെറിനെ മരണം കവർന്നെടുക്കുകയായിരുന്നു.