പാമ്പാടിയിലെ വാഹനാപകടം: യുവതികളുടെ മരണത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു, അമിത വേഗതയിൽ അശ്രദ്ധമായി ബസ് ഓടിച്ചെന്ന് എഫ്ഐആർ.


കോട്ടയം: പാമ്പാടിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അമിത വേഗതയിൽ അശ്രദ്ധമായി ബസ് ഓടിച്ചെന്ന് പോലീസ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.

ബസ്സുകൾ മത്സരയോട്ടത്തിലായിരുന്നു എന്നുമാണ് പോലീസിന്റെ നിഗമനം. കട്ടപ്പനയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന സിഎംഎസ് ബസ്സിനടിയിലേക്കാണ് സ്‌കൂട്ടർ യാത്രികരായ യുവതികൾ വീണത്. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി (22), കടുവും ഭാഗത്ത് കുര്യാക്കോസ് അച്ഛന്റെ മകൾ കൃപ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

സംഭവത്തിൽ റോഡിൽ സംസാരിച്ചു നിന്നിരുന്ന വഴിയാത്രക്കാരനെതിരെയും ഇരുചക്ര വാഹന യാത്രികനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ നിന്ന് സംസാരിച്ചവരാണ് വാഹനാപകടത്തിനു ഇടയാക്കിയതെന്ന് ഇന്നലെ മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നു. ഒരേ സമയം രണ്ട് ബസ്സുകൾ കടന്നു വന്നത് ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടമാണെന്നും ബസ്സുകൾ അമിത വേഗതയിലായിരുന്നു എന്നുമാണ് ഇപ്പോൾ പോലീസ് പറയുന്നത്. ബസ്സിന്റെ അമിത വേഗവും അപകടത്തിന് കരണമായതായാണ് പോലീസ് പറയുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് സ്വകാര്യ ബസ്സിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തു.