പാമ്പാടി: പാമ്പാടിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ആഷ്ലി ആൻ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. ഐസിസിഎ പരീക്ഷ പാസായ സന്തോഷത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയുണ്ടെന്ന് ആഷ്ലി പിതാവ് തോമസിനോട് പറഞ്ഞിരുന്നു.
എന്നാൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ആഷ്ലി മടങ്ങുമ്പോൾ നെഞ്ചു തകരുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ദിവസമാണ് ആഷ്ലി ഐസിസിഎ പരീക്ഷ പാസായത്. പരീക്ഷാ വിജയം ആഘോഷിക്കാനായി മറ്റു കൂട്ടുകാർ കേക്കുമായി എത്തിയപ്പോഴാണ് ആഷ്ലിയുടെ മരണ വാർത്ത അറിയുന്നത്. ഞെട്ടലോടെ കണ്ണീരണിഞ്ഞാണ് കൂട്ടുകാർ തിരികെ പോയത്.
കഴിഞ്ഞ ദിവസം സുഹൃത്ത് മെറിനൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനായി പോകുന്നതിനിടെയാണ് പാമ്പാടിയിൽ വെച്ച് സ്കൂട്ടർ നിയന്ത്രണംവിട്ടു ബസ്സിനടിയിലേക്ക് മറിഞ്ഞു അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മെറിന്റെ സംസ്കാരം ഇന്നലെ നടന്നു. ആഷ്ലിയുടെ സംസ്കാരം ഇന്ന് നടക്കും.
പുതിയ ജോലിക്ക് നോക്കണം, ഒരു പുതിയ ലാപ്ടോപ്പ് വാങ്ങണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളായിരുന്നു ആഷ്ലിക്ക് എന്ന് പിതാവ് വിതുമ്പലോടെ ഓർക്കുന്നു. ഹൈദരാബാദിൽ ജോലി ചെയ്ത ആഷ്ലി ഐസിസിഎ പഠനം പൂർത്തിയാക്കാനാണു നാട്ടിലെത്തിയത്. രാവിലെ ആദരാഞ്ജലികളർപ്പിക്കാനായി ആഷ്ലിയുടെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ ആഷ്ലിയുടെ സംസ്കാരം മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.