മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷകക്ക് അമേരിക്കയിൽ പ്രബന്ധാവതരണത്തിന് ഐസിഎംആർ ട്രാവൽ ഗ്രാന്റ്.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പി.എച്ച്.ഡി. ഗവേഷകയായ സക്കീന അസ്മിക്ക് യുഎസ്എ യിൽ ഗവേഷണ പ്രബന്ധമവതരിപ്പിക്കാൻ യാത്രാ ധനസഹായം ലഭിച്ചു.

2026 നവംബർ 14 മുതൽ 18 വരെ നടക്കുന്ന സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ വാർഷിക സമ്മേളനമായ 'ന്യൂറോ സയൻസ് 2026'-ൽ ഗവേഷണം അവതരിപ്പിക്കുന്നതിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും യാത്ര ധനസഹായം ലഭിച്ചിരിക്കുന്നത്. പാർക്കിൻസൺസ് രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും കോശങ്ങളിലെയും തന്മാത്രകളിലെയും മാറ്റങ്ങൾ തലച്ചോറിലെ കോശങ്ങളുടെ ക്രമാനുഗതമായ നാശത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനുമായി സക്കീന അസ്മി നടത്തിയ ഗവേഷണപ്രബന്ധം സമ്മേളനത്തിൽ അവതരിപ്പിക്കും.

സർവകലാശാലയിലെ ഐ. യൂ. സി. ബി. ആർ. ആന്റ് എസ്. എസ്. എച്ച്.-ലെ സീനിയർ സയന്റിസ്റ്റ് ഡോ. ഗൗതം ചന്ദ്രയുടെ മേൽനോട്ടത്തിലാണ് സക്കീന അസ്മി ഗവേഷണം നടത്തുന്നത്. മസ്തിഷ്കത്തെയും നാഡീവ്യവസ്ഥയെയും കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെയും വൈദ്യശാസ്ത്ര വിദഗ്ധരുടെയും ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ വാർഷിക സമ്മേളനമാണ് ‘ന്യൂറോ സയൻസ് 2026’. അടിസ്ഥാന ന്യൂറോ സയൻസ് മുതൽ ക്ലിനിക്കൽ ഗവേഷണം വരെയുള്ള മേഖലകളിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പങ്കുവെക്കുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി ഗവേഷകർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, 2026 ഒക്ടോബർ 6 മുതൽ 9 വരെ ഹരിയാനയിലെ മനേസറിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോസയൻസസിന്റെ 44-ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോസയൻസസിന്റെ യാത്രാ ധനസഹായവും സക്കീന അസ്മിക്ക് ലഭിച്ചിരുന്നു.